വാഷിങ്ടൺ: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ സമാധാനപരമായ പരിഹാരത്തിന് പിന്തുണ അറിയിച്ച് യുഎസ്. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാർലമെന്‍റിനെ അറിയിച്ചിരുന്നു.
ഇന്തോ-പസഫിക്ക് സാഹചര്യങ്ങളിൽ എല്ലാ ഘട്ടത്തിലേയും പോലെ സുഹൃത്തുക്കൾക്കൊപ്പം നിൽക്കും. സുരക്ഷ, മൂല്യങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ സഖ്യകക്ഷികൾക്കൊപ്പം നിൽക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. അതേസമയം ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ മരണപ്പെട്ടതും പരിക്കേറ്റതുമായ സൈനികരുടെ എണ്ണം ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.