വാഷിങ്ടൺ: ലോകത്ത് കൂടുതൽ കൊവിഡ് പരിശോധനകൾ നടക്കുന്നത് യുഎസിലാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാജ്യം കൊവിഡ് പരിശോധനകളിൽ 50 മില്യണിലേക്ക് അടുക്കുകയാണെന്നും 12 മില്യൺ കൊവിഡ് പരിശോധനകളുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെന്നും അദ്ദേഹം അറിയിച്ചു. കൊവിഡിനെ എങ്ങനെയാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
യുഎസിൽ 3.8 മില്യൺ കൊവിഡ് രോഗികളാണ് നിലവിലുള്ളതെന്നും 1,40,000 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരികയാണ്. കൊവിഡ് മൂലം പ്രയാസപ്പെടുന്ന രാജ്യങ്ങളെ യുഎസ് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു കുടുംബം എന്ന നിലയിൽ നഷ്‌ടപ്പെട്ട ഓരോ ജീവനിലും ദുഖമുണ്ട്. വൈകാതെ വാക്‌സിൻ വികസിപ്പിച്ച് വൈറസിനെ പരാജയപ്പെടുത്തും. രോഗത്തെക്കുറിച്ച് വളരെയധികം നാം പഠിച്ചെന്നും ദുർബലർ ആരാണെന്ന് അറിയാമെന്നും അവരെ സംരക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു. തന്‍റെ ഭരണകൂടം ശക്തമായ സ്‌ട്രാറ്റർജി വികസിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.