യുക്രേനിയന്‍ അതിര്‍ത്തികളിലെ വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ക്ക് വംശീയ വിവേചനം നേരിട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. യുക്രൈനിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് വംശീയ വിവേചനം ഉണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്.
സെനറ്റിലെ ഇന്‍റലിജന്‍സ് സെലക്റ്റ് കമ്മിറ്റി അധ്യക്ഷനും സെനറ്റിലെ ഇന്ത്യ കോക്കസിന്‍റെ സഹാധ്യക്ഷനുമാണ് മാര്‍ക്ക് വാര്‍ണര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുത്തുകയാണ് 2004 ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യ കോക്കസിന്‍റെ ലക്ഷ്യം. അമേരിക്കയുടെ ഉപരി നിയമനിര്‍മാണ സഭയാണ് സെനറ്റ്.
ഇന്ത്യ, നൈജീരിയ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ സുരക്ഷ സേനയുടെ മര്‍ദ്ദനം ഏല്‍ക്കുന്നതിന്‍റേയും, അവരെ അതിര്‍ത്തിയില്‍ തടയുന്നതിന്‍റേയും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് സെനറ്റര്‍ കത്തില്‍ ഓര്‍മിപ്പിച്ചു. യുക്രൈനില്‍ പഠിക്കുന്ന 80,000 വിദേശ വിദ്യാര്‍ഥികളില്‍ 20ശതമാനവും ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. യുദ്ധത്തില്‍ നിന്ന് അഭയം തേടാന്‍ ഈ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും അത് ഇല്ലാതാക്കുന്ന വിവേചന നടപടി ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ യൂണിയന്‍റേയും, യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്‍റേയും, അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടേയും വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്. സംഘര്‍ഷത്തില്‍ നിന്ന് അഭയം തേടുന്നവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വലിയ അഭയാര്‍ഥി പ്രവാഹത്തിനിടയില്‍ യുക്രൈന്‍ സുരക്ഷ സേനകള്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കുന്നതിനോടൊപ്പം, അഭയാര്‍ഥികളോട് മതത്തിന്‍റേയോ, വംശത്തിന്‍റേയോ, രാജ്യത്തിന്‍റേയോ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാട്ടരുതെന്ന് യുക്രൈനിയന്‍ അംബാസിഡര്‍ക്കയച്ച കത്തില്‍ വാര്‍ണര്‍ വ്യക്തമാക്കി.
ഇതേകാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ണര്‍ യുക്രൈനിന്‍റെ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, ഹംഗറി, സ്ലൊവാക്കിയ, മോള്‍ഡോവ തുടങ്ങിയ രാജ്യങ്ങളുടെ അമേരിക്കയിലെ അംബാസിഡിര്‍മാർക്കും കത്തയച്ചു. ഈ രാജ്യങ്ങളിലേക്കാണ് യുക്രൈനിലെ യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ പോകുന്നത്. യുക്രൈനിലെ അതിര്‍ത്തികളില്‍ വംശവിവേചനം നടക്കുന്നുണ്ടോ എന്ന കാര്യം തുടര്‍ന്നും നിരീക്ഷിക്കുമെന്ന് വാര്‍ണര്‍ വ്യക്തമാക്കി. യുക്രൈനിലെ അതിര്‍ത്തികളില്‍ ആഫ്രിക്കന്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വിവിചേനം അന്താരാഷ്ട്ര മനുഷ്യവകാശപ്രവര്‍ത്തകര്‍ യുഎന്നില്‍ പരാതിപ്പെട്ടിരുന്നു.