വാഷിംഗ്‌ടൺ : പഞ്ചാബിലെയും വടക്ക്-കിഴക്കന്‍ മേഖലയിലെയും കലാപം വിജയകരമായി പരാജയപ്പെടുത്തിയെന്നും ഇനി കശ്‌മീരിലെ കലാപങ്ങൾക്കെതിരെ പോരാടുന്നതിന് ഡല്‍ഹിയെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തക സുനന്ദ വസിഷ്‌ട്. മനുഷ്യാവകാശത്തെക്കുറിച്ച് വാഷിംഗ്‌ടണില്‍ നടന്ന ചർച്ചയിലാണ് സുനന്ദയുടെ പ്രതികരണം. പാകിസ്ഥാന്‍ പരിശീലനം ലഭിച്ച ഭീകരവാദികൾ കശ്‌മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ രീതിയിലുള്ള ഭീതിയും ക്രൂരതയും നടത്തിയിട്ടുണ്ടെന്നും സുനന്ദ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ അന്താരാഷ്‌ട്ര സഹകരണം ചേര്‍ന്നാല്‍ കശ്‌മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നും സുനന്ദ പറഞ്ഞു. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ചർച്ചയാണിത്. ഇന്ത്യ, കശ്‌മീരിനെ കൈവശപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കശ്‌മീര്‍ എന്നും ഇന്ത്യയുടെ ഒഴിവാക്കാന്‍ കഴിയാത്ത ഭാഗമാണെന്നും അവര്‍ പറഞ്ഞു. അതിനാല്‍ കശ്‌മീര്‍ ഇല്ലാതെ ഇന്ത്യയില്ലെന്നും, ഇന്ത്യയില്ലാതെ കശ്‌മീര്‍ ഇല്ലെന്നും സുനന്ദ കൂട്ടിച്ചേര്‍ത്തു.