റോസൗ: രാജ്യംവിട്ട പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്ന വാദം തള്ളി കാലിയോപ്പ് ഓഫ് ആർനെ യാച്ച് കപ്പലിന്‍റെ ക്യാപ്റ്റനായ ഫെർണാണ്ടസ് ഫെർഡിനന്‍റ്. കരീബിയൻ ആസ്ഥാനമായുള്ള മീഡിയ ഔട്ട്‌ലെറ്റ് അസോസിയേറ്റ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫെർഡിനന്റെ വെളിപ്പെടുത്തൽ
തന്‍റെ കപ്പലിൽ ആരും അനധികൃതമായി പ്രവേശിക്കുകയോ തട്ടിക്കൊണ്ടുപോവാന്‍ ശ്രമക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡൊമിനിക്കയിലേക്കുള്ള യാത്രയിൽ മൊത്തം അഞ്ച് പേർ ഉണ്ടായിരുന്നു. ഒരാൾ 50 വയസ്സിനും മറ്റൊരാൾ 63 വയസ്സിനു മുകളിലുമാണ്. ഇരുവരും ആരോഗ്യമുള്ളവരായിരുന്നില്ല ആരെയും ബലമായി തട്ടിക്കൊണ്ടുപോകുമായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഫെർഡിനന്‍റ് പറഞ്ഞു.
Also read: തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചവരുടെ പേര് വെളിപ്പെടുത്തി മെഹുൽ ചോക്‌സി
തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് ചോക്സി ആന്‍റിഗ്വയ്ക്കും ബാർബുഡ പൊലീസിനും പരാതി നൽകിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍റെ പുതിയ വെളിപ്പെടുത്തൽ. ആരെയെങ്കിലും തട്ടിക്കൊണ്ടുപോകാൻ ആളുകൾ ഔദ്യോഗിക ബോട്ട് ഉപയോഗിക്കില്ലെന്നും ഫെർഡിനന്‍റ് കൂട്ടിച്ചേർത്തു.
മെയ് 23നാണ് ചോക്സിയെ ആന്‍റിഗ്വയിൽ നിന്ന് കാണാതായത്. ഡൊമിനിക്കയിൽ നിന്ന് അനധികൃതമായി പ്രവേശിച്ചതിന് ഡൊമിനിക്ക പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
പഞ്ചാബ് നാഷണൽ ബാങ്കിൽ 13500 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട ചോക്‌സി 2018 ജനുവരിയിൽ ആന്‍റിഗ്വയുടെയും ബാർബുഡയുടെയും പൗരത്വം സ്വീകരിച്ചിരുന്നു.