ന്യൂയോര്‍ക്ക്: കീവില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രമുഖ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിന്‍റ മുതിര്‍ന്ന ക്യാമറാമാനും റിപ്പോര്‍ട്ടറുമാണ് റഷ്യന്‍ ആക്രമണത്തില്‍ മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ന്യൂസ് കറസ്‌പോണ്ടന്‍റ് ബെഞ്ചമിന്‍ ഹാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫോക്‌സ് ന്യൂസ് വാര്‍ത്താശൃംഖലയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ, യുദ്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതൊരു ഹൃദയഭേദകമായ ദിവസമെന്നാണ് ഫോക്‌സ് ന്യൂസ് സിഇഒ സൂസന്‍ സ്‌കോട്ട് അഭിപ്രായപ്പട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ക്യാമറാമാനായ പിയറി സക്രവെസ്‌കി (55) അയര്‍ലന്‍ഡ് വംശജനാണ്.
ഫോക്‌സ് ന്യൂസിന് വേണ്ടി ഇറാഖിലെയും, അഫ്‌ഗാനിസ്ഥാനിലെയും, സിറിയയിലേയും സംഘര്‍ഷങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അഫ്‌ഗാനില്‍ പിയറി മടത്തിയ മികച്ച പ്രവര്‍ത്തവനത്തിന് ഇന്‍റര്‍നാഷണല്‍ അണ്‍സങ് ഹീറോ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഫെബ്രുവരി മുതൽ യുക്രൈനിൽ ജോലി ചെയ്‌തുവരുകയായിരുന്നു സക്രിവെസ്‌കി.
കൊല്ലപ്പെട്ട ഒലക്‌സാന്ദ്ര സാഷ കുവ്ഷിനോവ (24) സംഘര്‍ഷ മേഖലകളില്‍ ഫോക്‌സ് സംഘത്തിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. കീവ് മേഖലയില്‍ വാര്‍ത്താസംഘത്തിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനും,ആളുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായിച്ചിരുന്നത് കുവ്‌ഷിനോവയായിരുന്നുവെന്ന് സൂസന്‍ സ്‌കോട്ട് ആണ് അറിയിച്ചത്.
അടുത്തടുത്ത ദിവസങ്ങളില്‍ 3 മാധ്യമപ്രവര്‍ത്തകരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച ഡോക്യുമെന്‍ററി ചലച്ചിത്ര നിര്‍മാതാവായ ബ്രന്‍റ് റിനൗഡും റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുശോചനമറിയിച്ച് നിരവധി സഹപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.