ചിക്കാഗോ: ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്‍റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാക്സ് വിമാനത്തിന് സര്‍വീസ് നടത്താനുള്ള അനുമതി അമേരിക്കയിലെ വ്യോമയാന വകുപ്പുകളില്‍ നിന്ന് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. നിരവധി തവണ ബോയിങ് വിമാനങ്ങള്‍ അപകടമുണ്ടാകുന്നതിനെത്തുടര്‍ന്നാണ് വ്യോമയാന വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്.
ബോയിങ് നിരയിലെ മുന്‍ നിര ജെറ്റുകളിലൊന്നാണ് മാക്സ്. തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ അന്വേഷണം നടത്തുകയും വിമാനത്തിന്‍റെ കണ്‍ട്രോള്‍ സോഫ്റ്റ് വെയറില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചെങ്കിലും വ്യോമയാന വിഭാഗം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്തിടെ ഇന്തോനേഷ്യയിലും എത്യോപ്യയിലുമായി ബോയിങ് 737 മാക്സ് വിമാനം അപകടത്തില്‍ പെട്ട് 346 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വാഷിങ്ടണിലെ റണ്‍ടണ്‍ നിര്‍മാണ ശാലയിലാണ് മാക്സ് ജെറ്റിന്‍റെ നിര്‍മാണം നടന്നിരുന്നത്. താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവെച്ചെങ്കിലും തൊഴിലാളികളെ പിരിച്ചുവിടില്ല.