കെയ്‌റോ: ഈജിപ്‌തില്‍ ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് 32 പേര്‍ കൊല്ലപ്പെട്ടു. 84 പേര്‍ക്ക് പരിക്കേറ്റു. അപ്പര്‍ ഈജിപ്‌ത് ഗവര്‍ണറേറ്റായ സൊഹാഗിലെ തഹ്ത ജില്ലയിലാണ് അപകടമുണ്ടായത്. അസ്വാനില്‍ നിന്ന് കയ്‌റോയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ലക്‌സറില്‍ നിന്ന് അലക്‌സാണ്ട്രിയയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്‍റെ പിറകില്‍ ഇടിക്കുകയായിരുന്നു. എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഈജിപ്‌ത് റെയില്‍വേ അതോറിറ്റി വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ 11.42നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണക്കാരനായ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ലക്‌സറിൽ നിന്ന് അലക്‌സാണ്ട്രിയയിലേക്ക് പോകുന്ന ട്രെയിനിന്‍റെ എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ പെട്ടെന്ന് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പിറകില്‍ വന്ന ട്രെയിന്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് കാരണക്കാരനായ ആളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് അബ്‌ദൈല്‍ ഫത്തെഹ് എല്‍-സിസി പറഞ്ഞു.