കോക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നതില്‍ പ്രതികരിച്ച് സംവിധായകന്‍ സോഹന്‍ സീനുലാല്‍. ഷൈന്‍ കോക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.
'ഭാരത സര്‍ക്കസ്' എന്ന സിനിമയുടെ ഭാഗമായി ദുബൈയില്‍ നടന്ന പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. ഷൈനിന്‍റെ പെരുമാറ്റത്തില്‍ ക്യാബിന്‍ ക്രൂവിന് തെറ്റിദ്ധാരണ ഉണ്ടായെന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്. വിസിറ്റിംഗ് വിസ എക്‌സിറ്റ് അടിച്ചതുകൊണ്ട് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നാളെ തന്നെ ഷൈന്‍ കേരളത്തിലേക്ക് എത്തുമെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.
'ഷൈന്‍ കഴിഞ്ഞ ദിവസം വരാനിരുന്നതാണ്. ഫ്ലൈറ്റ് മിസ്സായത് കൊണ്ട് എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റിലാണ് വരാന്‍ ശ്രമിച്ചത്. ഭാരത സര്‍ക്കസി'ന്‍റെ പ്രസ് മീറ്റ് കഴിഞ്ഞ് ഷൈനും ഞാനും ദുബൈയില്‍ നിന്നും ഒരുമിച്ച് വരാനാണ് ഇരുന്നത്. പ്രസ് മീറ്റ് കഴിഞ്ഞ് ഒരു സ്‌പെഷ്യല്‍ ഷോ ഉണ്ടായിരുന്നു. ആ പരിപാടി കഴിഞ്ഞ് സഹോദരിയുടെ വീട്ടിലും പോയി നേരിട്ട് എയര്‍പോട്ടില്‍ എത്തിക്കോളാം എന്നാണ് ഷൈന്‍ പറഞ്ഞത്. എന്നാല്‍ ആ ഫ്ലൈറ്റ് ഷൈനിന് മിസ്സായി. പിന്നീട് അദ്ദേഹം ഉച്ചയ്‌ക്കുള്ള എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റിലാണ് വരാന്‍ ശ്രമിച്ചത്.
ഒരുപാട് പരിപാടികള്‍ ഉള്ളതിനാല്‍ ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ നോക്കി. അപ്പോള്‍ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. മലയാളികള്‍ക്കറിയാം ഷൈനിന്‍റെ ഒരു രീതി. ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന്‍ ക്രൂ കരുതിയത് ഷൈന്‍ കോക്‌പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്.
Also Read: ഷൈൻ ടോം ചാക്കോയെ ദുബായില്‍ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
കോക്‌പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിന്‍റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ഒരുപാട് സമയം എടുത്തു. അദ്ദേഹം സുരക്ഷിതനായി എയര്‍പോട്ടിലുണ്ട്. വിസിറ്റിംഗ് വിസ ആയതിനാല്‍ എക്‌സിറ്റ് അടിച്ചുപോയതുകൊണ്ട് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത ഫ്ലൈറ്റില്‍ തന്നെ ഷൈന്‍ കൊച്ചിയിലേക്ക് വരും' - സോഹന്‍ സീനുലാല്‍ പറഞ്ഞു.