ഭീഷ്‌മപര്‍വത്തിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മാസ് എന്‍റര്‍ടെയ്‌നറുകളും ത്രില്ലര്‍ സിനിമകളും ഉള്‍പ്പെടെ സൂപ്പര്‍താരത്തിന്‍റെതായി വരാനിരിക്കുന്നു. ഇതില്‍ പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്.
കെട്ട്യോളാണ് എന്‍റെ മാലാഖ ഒരുക്കിയ നിസാം ബഷീറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റോഷാക്കിന്‍റെതായി മുന്‍പ് പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ആവേശമാണ് ആരാധകരില്‍ ഉണ്ടാക്കിയത്. പേരിലെ കൗതുകം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും മമ്മൂട്ടി ചിത്രം നിറഞ്ഞിരുന്നു.
സിനിമയുടെതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. കാത്തിരിപ്പിനൊടുവില്‍ മെഗാസ്റ്റാര്‍ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. സെന്‍സറിങ് പൂര്‍ത്തിയായ ത്രില്ലര്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ ഏഴിനാണ് മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി തന്നെയാണ് റോഷാക്ക് റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് തിയതി അറിയിച്ചുളള പോസ്റ്ററും മെഗാസ്റ്റാര്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്. പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സ് തുടരുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് മിക്കവരും ഉറ്റുനോക്കുന്നത്.
ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് റോഷാക്ക്. സമീര്‍ അബ്‌ദുളിന്‍റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുത്തിരിക്കുന്നത്.
നടന്‍ ആസിഫ് അലിയും സിനിമയില്‍ അതിഥി വേഷത്തിലുണ്ട്. ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം. കിരൺ ദാസ്- ചിത്രസംയോജനം, മിഥുൻ മുകുന്ദൻ-സംഗീതം, ഷാജി നടുവിൽ-കലാസംവിധാനം, പ്രശാന്ത് നാരായണൻ-പ്രൊഡക്ഷൻ കൺട്രോളർ, റോണക്‌സ് സേവ്യർ & എസ്സ് ജോർജ്-ചമയം, സമീറ സനീഷ്-വസ്ത്രാലങ്കാരം, ബാദുഷ-പ്രോജക്‌ട് ഡിസൈനർ.