അസം : ലഖിംപുര്‍ ജില്ലയില്‍ ലുഡോ ഗെയിം കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മൈദാമിയ ഗ്രാമവാസിയായ ഇര്‍ഷാദ് അലിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അഫ്‌സത് അലി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. അലിയുടെ ഗ്രാമത്തില്‍ തന്നെയുള്ള സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. വിവാഹം നടക്കുന്ന വീട്ടില്‍ വച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലുഡോ കളിച്ചു. കളിക്കിടെ തര്‍ക്കമാകുകയും ഇര്‍ഷാദ് അലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു.
ഇതിനിടെ വിവാഹ വീട്ടില്‍ എത്തിയ ഇര്‍ഷാദ് അലിയുടെ പിതാവ് മകനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അഫ്‌സത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ പ്രതികാരം തീര്‍ക്കാന്‍ വൈകിട്ടോടെ കത്തിയുമായി എത്തിയ യുവാവ് സുഹൃത്തിനെ കുത്തി. ഇര്‍ഷാദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശേഷം ഒളിവില്‍ പോയ അഫ്‌സത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.