കോഴിക്കോട്: കായക്കൊടിയിലെ അയൽവാസികളുടെ ദുരൂഹമരണത്തിൽ ശാസ്‌ത്രീയ പരിശോധനാഫലം കാത്ത് പൊലീസ്. ഇന്നലെ (ജനുവരി 26) പകല്‍ ഏതാണ്ട് 9.30 ആകുമ്പോഴാണ് കായക്കൊടി സ്വദേശികളായ ബാബുവിന്‍റെയും രാജീവന്‍റെയും മരണവാര്‍ത്ത നാടറിയുന്നത്. ഇതില്‍ 52 കാരനായ ബാബുവിന്‍റേത് കൊലപാതകമാണെന്ന് ഉറപ്പായെങ്കിലും ഇതിന് പിന്നില്‍ ആത്മഹത്യ ചെയ്‌ത അയൽവാസി രാജീവന്‍ (50) ആണോ എന്നതും, എന്തിന് എന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതേസമയം നാടിനെ നടുക്കിയ ദുരൂഹമരണങ്ങളില്‍ നാനാ വഴിക്കും അന്വേഷണം തുടരുകയാണ് പൊലീസ്.
രണ്ട് മരണങ്ങള്‍, ഒരു ഫ്ലാഷ്‌ബാക്ക്: റിപ്പബ്ലിക്ക് ദിനത്തില്‍ നാടെങ്ങും ദേശീയ പാതാക ഉയരുന്ന വേളയില്‍ കായക്കൊടിയിൽ നിന്ന് കേട്ടത് ഞെട്ടിക്കുന്ന മരണവാർത്തകള്‍. അതും 12 മീറ്റർ മാത്രം വ്യത്യാസത്തിൽ താമസിക്കുന്ന അയൽവാസികളുടേത്. ഗൾഫിൽ നിന്ന് മൂന്ന് മാസം മുൻപാണ് വണ്ണാന്‍റെ പറമ്പത്ത് ബാബു നാട്ടിലെത്തിയത്. പിന്നീട് വടകരയിലെ ജേഷ്ഠ സഹോദരന്‍റെ ഹോട്ടലിൽ ജീവനക്കാരനായി. വൈകിട്ട് ജോലിക്ക് കയറിയാൽ പുലർച്ചെ ഒരു മണിക്കാണ് കട അടക്കുക. തുടര്‍ന്ന് ബാബു വീട്ടിലെത്താന്‍ മൂന്ന് മണിയാകും. ഈ ഹോട്ടലില്‍ തന്നെ ജോലി ചെയ്യുന്ന യുവാവിന്‍റെ ബൈക്കിലാണ് ബാബുവിന്‍റെ പോക്കുവരവ്. പകൽ കിടന്നുറങ്ങി ഉച്ചതിരിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക് പോകും.
'മരണമറിയാതെ'യുള്ള ഉറക്കം: കൊല്ലപ്പെടുന്നതിന്‍റെ അന്ന് പുലർച്ചെ നാല് മണിക്കാണ് ബാബു വീട്ടിലെത്തിയത്. ജോലി കഴിഞ്ഞ് വടകരയിലെ ജേഷ്ഠ സഹോദരന്‍റെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവും കണ്ടായിരുന്നു മടക്കം. കാലത്ത് 8.45 ന് വീട്ടിനടുത്തുള്ള അംഗനവാടിയില്‍ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാനായി ബാബുവിന്‍റെ ഭാര്യ പുറപ്പെട്ടു. ഈ സമയം ബാബു നല്ല ഉറക്കത്തിലായിരുന്നു. 13 കാരിയായ മകളും മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ട്. 18 കാരനായ മകനാകട്ടെ രാവിലെ ഫുട്‌ബോള്‍ കളിക്കാനായി പോയിരുന്നു.
നടുങ്ങിവിറച്ച് കായക്കൊടി : അന്തരീക്ഷം മാറിമറയുന്നത് പെട്ടെന്നായിരുന്നു. റിപ്പബ്ലിക്ക് ദിന പരിപാടി കഴിഞ്ഞ് ബാബുവിന്‍റെ ഭാര്യ 9.30 ഓടെ തിരിച്ചെത്തിയപ്പോൾ കണ്ടത് ഭർത്താവ് കഴുത്തറ്റ് മരിച്ച് കിടക്കുന്നതാണ്. അലറിക്കരഞ്ഞ് ഇവര്‍ വീട്ടുമുറ്റത്ത് വീഴുന്നത് കണ്ട് അയല്‍വാസിയായ രാജീവിന്‍റെ ഭാര്യയും മക്കളും ഓടിയെത്തി. തുടര്‍ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാരും. തുടര്‍ന്നാണ് രാജീവന്‍റെ ഓട്ടോ വീടിന് മുന്നിലെ റോഡില്‍ കണ്ട് ഡ്രൈവറായ അദ്ദേഹത്തെ വിളിക്കാന്‍ കൂടിനിന്നവരില്‍ ചിലര്‍ പോകുന്നത്. ഈ പോയവര്‍ കണ്ടതാവട്ടെ വീടിനകത്ത് ആത്മഹത്യ ചെയ്‌ത നിലയിലുള്ള രാജീവനെ.
എന്തുചെയ്യണം എന്നറിയാതെ നാട്ടുകാർ സ്‌തംഭിച്ച് പോയ നിമിഷങ്ങള്‍. വിവരമറിഞ്ഞയുടനെ സ്ഥലത്തേക്ക് തൊട്ടില്‍പ്പാലം പൊലീസെത്തുന്നു. പിന്നാലെ ഡോഗ് സ്‌ക്വാഡും. ബാബുവിന്‍റെ മുറിയിലെ അലമാറക്ക് അരികില്‍ നിന്ന് കണ്ടെടുത്ത ചോര പുരണ്ട മൂർച്ഛയേറിയ ഭാരമുള്ള കത്തിയിൽ മണം പിടിച്ച പൊലീസ് നായ നേരെ ഓടിക്കയറിയതാവട്ടെ ആത്മഹത്യ ചെയ്‌ത രാജീവന്‍റെ മുറിയിലേക്ക്.
'അയല്‍' സൗഹൃത്തുക്കള്‍: ഒരു കുടുംബം പോലെ കഴിയുന്ന അയൽവാസികൾ. വീട്ടമ്മമാരായ ഇവരുടെ ഭാര്യമാരും നല്ല സൗഹൃദത്തില്‍. രണ്ട് കുടുംബത്തിലും ആദ്യത്തേത് ആണും രണ്ടാമത്തേത് പെണ്ണുമായി 18 ഉം 13ഉം വയസുകളുള്ള കുട്ടികൾ. നടുവണ്ണൂർ കായക്കൊടി മലയോര ഹൈവേയുടെ വക്കിലാണ് രാജീവന്‍റെ വീട്. തൊട്ടുപിന്നിലായി ബാബുവിന്‍റെ വീട്. ഇരുവരും തമ്മിലും ഒരു മറയുമില്ലാത്ത സൗഹൃദവും.
പൊലീസ് പറയുന്നതിങ്ങനെ: എന്നാൽ കഥ മാറിമറയുന്ന ചില തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പൊലീസ് നായ ഓടിക്കയറിയതിന് പിന്നാലെ രാജീവന്‍റെ കാൽപ്പാദത്തിൽ നിന്നും കിട്ടിയ രണ്ട് തുള്ളി രക്തപ്പാടും ദുരൂഹത വർധിപ്പിക്കുകയാണ്. അതിരാവിലെ മുതൽ ഓട്ടോയിൽ പോകുന്ന രാജീവന്‍റെ ഓട്ടോറിക്ഷ എട്ടരക്ക് ശേഷവും വീടിന്‍റെ മുന്നിലെ റോഡരികിൽ തന്നെയുണ്ടായിരുന്നു.
കൊലക്ക് ഉപയോഗിച്ച മൂർച്ചയേറിയ കത്തി പുതിയതാണ്. കഴുത്തിലും വയറിനും തോളിലുമാണ് വെട്ടേറ്റത്. കഴുത്തിലേറ്റ മുറിവ് സുഷുമ്‌ന നാഡിയേയും ഖണ്ഡിച്ചതാണ് മരണകാരണമായത്. ബാബുവിന്‍റെയും രാജീവന്‍റെയും കുടുംബങ്ങൾ തമ്മിൽ പുറത്തറിയുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇരുവരും ശാന്തസ്വഭാവക്കാരും. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്‌കരിച്ചു.
ഇനിയെന്ത്: ഇനിയെല്ലാം അവശേഷിച്ച തെളിവുകൾ പറയും. ശാസ്‌ത്രീയ ഫലവും മൊഴികളും തമ്മിൽ പൊരുത്തക്കേടുകൾ വരുന്നിടത്ത് യഥാർത്ഥ പ്രതി വെളിച്ചത്ത് വരും. അത് ആത്മഹത്യ ചെയ്‌ത രാജീവനായാലും മറ്റ് ആരായാലും. സംഭവത്തില്‍ തൊട്ടിൽപ്പാലം എസ്എച്ച്ഒ ജേക്കബ് എം.ഡിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.