ജയ്‌പൂര്‍ (രാജസ്ഥാന്‍): ഭര്‍ത്താവിന് ഭക്ഷണവുമായി പോയ 35 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്യലഹരിയിലായിരുന്ന ഭർത്താവിന് ഭക്ഷണവുമായി പുറത്തിറങ്ങിയ 35 കാരിയായ യുവതിയെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ജയ്‌പൂർ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്‌ച (25.08.2022) രാത്രിയാണ് സംഭവം.
യുവതിയെ കണ്ട അക്രമികൾ അവരെ ബലം പ്രയോഗിച്ച് റെയിൽവേ ട്രാക്കിന് സമീപം കൊണ്ടുപോയി വസ്‌ത്രങ്ങൾ വലിച്ചുകീറി ഓരോരുത്തരായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അർദ്ധനഗ്നയായാണ് യുവതി ജിആർപി സ്‌റ്റേഷനിലെത്തിയത്. ഇവര്‍ക്ക് ആദ്യം വസ്‌ത്രങ്ങൾ എത്തിച്ചുനല്‍കിയ പൊലീസ് ശേഷം സംഭവത്തില്‍ കേസും രജിസ്‌റ്റർ ചെയ്‌തു.
സംഭവമറിഞ്ഞ് കമ്മിഷണറേറ്റിലെ പ്രത്യേക സംഘവും സ്ഥലത്തെത്തി. ഫോറൻസിക് സയൻസ് ലബോറട്ടറി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചു. പ്രതികളെ കുറിച്ച് ഇര അന്വേഷണ സംഘത്തിന് വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് നഗരത്തിൽ പൊലീസ് പലതവണ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായിട്ടില്ല.
ഗവൺമെന്‍റ് റെയിൽവേ പൊലീസും സംഭവത്തെക്കുറിച്ചും, അന്വേഷണത്തെക്കുറിച്ചും പ്രസ്‌താവന പുറത്തിറക്കി. പൊലീസും എഫ്‌എസ്‌എൽ സംഘവും കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷണം നടത്തിയതായും റെയിൽവേ പോലീസ് അറിയിച്ചു.