എറണാകുളം :
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ അന്വേഷണ സംഘം തയ്യാറാക്കിയത് പഴുതടച്ച കുറ്റപത്രം. നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവ്വമായ കേസെന്ന പ്രത്യേകതയും കുറ്റപത്രത്തിൽ പ്രതിഫലിക്കുന്നു. കന്യാസ്ത്രീയുടെ പരാതിയിൽ ബലാത്സംഗ കേസിൽ വിചാരണ നേരിടുന്ന ബിഷെപ്പെന്ന അപഖ്യാതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാത്തിരിക്കുന്നത്.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയ കണ്ടത്തിൽ, ഉജ്ജയിൽ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ അടക്കം നാല് ബിഷപ്പുമാരും, ഇരുപത്തിയഞ്ച് കന്യാസ്ത്രീകളും, പതിനൊന്ന് വൈദികരും അടക്കം 83 സാക്ഷികൾ ആണ് പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രത്തിൽ ഉള്ളത്. ഒരു മതമേലധികാരി തന്‍റെ കീഴിലുള്ള കന്യാസ്ത്രീയുടെ പരാതിയിൽ വിചാരണ നേരിടുന്ന ആദ്യ കേസ് എന്ന നിലയിൽ വളരെ സൂക്ഷ്മമായും, വസ്തുതാപരമായും തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ കുറ്റപത്രം തയ്യാറാക്കിയത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികൾ മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ ഏഴ് മജിസ്ട്രേറ്റുമാരും സാക്ഷികളാണ്. ജീവിതകാലം മുഴുവനുമോ,10 വർഷത്തിലധികമോ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ആണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിനായി മൊഴികൾ വീഡിയോ റെക്കോർഡിങ്ങ് ചെയ്തിട്ടുണ്ട്. മൊഴികളും രേഖകളും ഉൾപ്പെടെ 2000 പേജുകൾ ഉള്ള കുറ്റപത്രമാണ് വൈക്കം DYSP കെ സുബാഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയത്.