തൃശൂര്‍: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകിയെന്ന കണ്ടെത്തലില്‍ നിയമ നടപടിയുമായി ആരോഗ്യ വകുപ്പ്. വാർത്ത നല്‍കിയ മാധ്യമത്തിനും ഡോ. ഷിനു ശ്യാമളനും എതിരെ നിയമ നടപടിയെടുക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. മാർച്ച് ഒമ്പതിന് സംപ്രേഷണം ചെയ്‌ത പരിപാടിയിലാണ് അപകീർത്തികരമായ പ്രസ്താവനയുള്ളതെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി.
വിദേശത്തു നിന്ന് വന്നയാൾ എന്ന നിലയിൽ കൊവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തിയ ഡോ. ഷിനു ശ്യാമളൻ, പനിയുമായി വന്നയാൾ തിരിച്ച് വിദേശത്ത് എത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണ് എന്ന് പറയുന്നത് കൊവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികൾ അറിയാത്തതുകൊണ്ടാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഖത്തറിൽ ഇപ്പോൾ പുറത്തു നിന്നുവരുന്ന എല്ലാവർക്കും 14 ദിവസം നിർബന്ധിത ക്വാറന്‍റൈന്‍ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കൊവിഡ്-19 ആയതുകൊണ്ടല്ല, അവിടെ ആശുപത്രിയിൽ ആക്കിയിരിക്കുന്നത്. ഡോക്ടറായാലും മറ്റ് ആരോഗ്യ പ്രവർത്തകരായാലും നിർബന്ധമായും സാർവത്രികമായ മുൻകരുതൽ എടുത്തിരിക്കണം. ഡോ. ഷിനു ശ്യാമളൻ അറിയിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടർ ഷിനുവിനേയും അറിയിച്ചിരുന്നു. യാഥാർഥ്യം ഇതായിരിക്കേ ഡോ. ഷിനു ശ്യാമളൻ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ നിയമനടപടിക്ക് ഉത്തരവിട്ടത്.