തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ മുതിർന്ന വിദ്യാർഥികൾ ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ മാധ്യമങ്ങൾ നിജസ്ഥിതി അറിയാതെ കാര്യങ്ങൾ പറയരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌കൂളിൽ നടന്നത് റാഗിങ് എന്ന് പറയുന്നത് ശരിയല്ല. പല തരത്തിലുള്ള പ്രചരണം നടക്കുന്നു. മാധ്യമങ്ങൾ ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ കൊവിഡ് കാലത്ത് വ്യാജ മദ്യവുമായി പൊലീസ് പിടിയിലായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതിൽ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും. ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
READ MORE: കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് : വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
അതേസമയം സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി പദ്ധതി ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓല, ഊബർ മോഡലിലാണ് സർവീസ് നടത്തുന്നത്. കേരള സർക്കാർ, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിലാണ് സർവീസ് ആരംഭിക്കുന്നത്.
READ MORE: കോട്ടണ്‍ഹിൽ സ്‌കൂളിലെ റാഗിങ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
സുരക്ഷിത യാത്രയാണ് കേരള സവാരി പ്രധാനം ചെയ്യുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാടുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ആണ് പദ്ധതിക്കാവശ്യമായ സങ്കേതിക സഹായം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.