തിരുവനന്തപുരം : പാളയം സെന്റ് ജോസഫ് പള്ളി വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളിക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ വെട്ടുകാട് ഇടവകയിൽ കുടുംബ കല്ലറയുള്ള ആളുടെ മൃതദേഹം സംസ്കരിക്കാൻ വികാരി പണം വാങ്ങി അവസരം ഒരുക്കി എന്നാരോപിച്ചാണ് വിശ്വാസികളുടെ പ്രതിഷേധം. മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് വികാരി കല്ലറ നൽകിയതെന്നും ആരും അറിയാതെ രാത്രിയിൽ സംസ്‌കാരം നടത്തിയെന്നുമാണ് ആരോപണം.
ആരോപണവിധേയനായ പള്ളി വികാരി ഫാദർ നിക്കോളാസിനെ വിശ്വാസികൾ ഇന്ന് രാവിലെ തടഞ്ഞു വെച്ചു. മൃതദേഹം കല്ലറയിൽ നിന്നും നീക്കണമെന്നും വികാരിയെ മാറ്റണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. അതേസമയം രൂപതയിലുള്ള ഏത് ഇടവകക്കാർക്കും കല്ലറ അനുവദിക്കാമെന്ന് 2018 ഒക്‌ടോബറില്‍ തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് ഫാദർ നിക്കോളാസ് പ്രതികരിച്ചു.
വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ ബിഷപ്പ് ഹൗസിൽ നിന്നും പ്രതിനിധിയെത്തി വിശ്വാസികളുമായി ചർച്ച നടത്തി. ഒരാഴ്ചക്കുള്ളിൽ ഭൗതിക ദേഹം മാറ്റണമെന്നും ചർച്ചയിൽ തീരുമാനമായി.