തിരുവനന്തപുരം: മിസിസ് യുണൈറ്റഡ് നേഷൻസ് പേജന്‍റ് സൗന്ദര്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാളിയായി നിമ്മി റേച്ചൽ കോശി. ഡൽഹിയിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞാണ് തിരുവനന്തപുരം മേനംകുളം സ്വദേശിയായ നിമ്മി നാട്ടിലേക്ക് മടങ്ങിയത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് നിമ്മി.
ഡൽഹിയിലെ സഹീദ് ജീത് സിങ് മാർഗിലുള്ള ഒപിജെ ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്‍റ് മത്സരമാണിത്. മുൻപോർഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്‍റ് വേൾഡ് ഫൈനൽ 2022ന് ആതിഥേയത്വം വഹിച്ചത്.
കോളജ് പഠനകാലത്ത് ഒരു സൗന്ദര്യ മത്സരത്തിലും പങ്കെടുക്കാതിരുന്ന നിമ്മി രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് ശേഷമാണ് ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 2019ൽ നടന്ന മിസിസ് ഇന്ത്യ എർത്ത് മത്സരത്തില്‍ പങ്കെടുത്ത നിമ്മി മിസിസ് ഇന്ത്യ എലഗന്‍റ് പട്ടം സ്വന്തമാക്കിയിരുന്നു. ബോളിവുഡിൽ നിന്നുള്‍പ്പടെ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മോഡലിങ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് താൽപ്പര്യമെന്നും സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കുമെന്നും നിമ്മി പറയുന്നു.