തിരുവനന്തപുരം: എട്ട് ബസ് സ്റ്റാൻഡുകളില്‍ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാൻ കെഎസ്ആര്‍ടിസിക്ക് ഡീലര്‍ഷിപ്പ് ലഭിച്ചു. കെഎസ്ആര്‍ടിസിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോള്‍, ഡീസല്‍ റീടെയില്‍ ഔട്ട്‌ലെറ്റുകളുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.
ഇതില്‍ ആദ്യ ഘട്ടത്തില്‍ ചിങ്ങം 1 ന് പ്രവര്‍ത്തനം ആരംഭിക്കുന്ന മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തല്‍മണ്ണ, തൃശൂര്‍, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂര്‍ എന്നിവടങ്ങളിലെ ഔട്ട്‌ലെറ്റുകളുടെ ഡീലര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഐഎഎസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകനില്‍ നിന്ന് ഡീലര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഔട്ട്‌ലെറ്റുകൾ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഇന്ധനം നിറയ്ക്കാന്‍ കഴിയും. ഈ സംരംഭത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു.
Also Read: ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും പുനഃരാരംഭിക്കാന്‍ അനുമതി