തിരുവനന്തപുരം : എൽഡിഎഫ് എതിർത്തത് യുഡിഎഫിന്‍റെ അഴിമതിയാണെന്നും കെഎം മാണിയെ അല്ലെന്നുമുള്ള സിപിഎമ്മിന്‍റെ വാദം ദുർബലമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഈ വാദം ഉന്നയിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ഉള്ളിൽ ചിരി വന്നിട്ടുണ്ടാവുമെന്ന് വി.ഡി സതീശൻ പരിഹസിച്ചു.
കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. മറ്റ് മന്ത്രിമാരെയോ എംഎൽഎമാരെയൊ തടഞ്ഞിരുന്നില്ല.
കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരൻ കെ.എം മാണി ആണെന്നും ഏറ്റവും വലിയ അഴിമതി കുടുംബം അദ്ദേഹത്തിന്‍റേതാണെന്നുമാണ് സിപിഎമ്മിന്‍റെ ഉന്നതനേതാക്കൾ പറഞ്ഞത്. ജോസ് കെ മാണി ഇത് മറന്നുപോകരുതെന്നും വി.ഡി സതീശൻ പറഞ്ഞു.
Read more: ചൂണ്ടിക്കാട്ടിയത് യുഡിഎഫിന്‍റെ അഴിമതി: മന്ത്രി വിഎന്‍ വാസവന്‍
അതേസമയം, കൊവിഡ് കണക്ക് സര്‍ക്കാര്‍ മറച്ചുവച്ചെന്ന ആരോപണം വി.ഡി സതീശന്‍ വീണ്ടും ഉന്നയിച്ചു. ഡിസംബർ മുതൽ കൊവിഡ് മൂലം മരണപ്പെട്ടവരുടെ കണക്ക് സർക്കാർ മറച്ചുവച്ചത് എന്തിനെന്ന് വ്യക്തമാക്കണം.
തുടക്കം മുതലുള്ള മരണക്കണക്ക് സർക്കാരിന്‍റെ പക്കലുണ്ടെന്നും അത് പ്രസിദ്ധപ്പെടുത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സർക്കാർ ഇത് ചെയ്‌തില്ലെങ്കിൽ പ്രതിപക്ഷം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.