തിരുവനന്തപുരം: മുൻ രഞ്ജിക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ മകൻ കൊലപ്പെടുത്തിയത് മുഖത്ത് ഇടിച്ചും തല തറയിലടിച്ചുമെന്ന് പൊലീസ്. ലോക് ഡൗണിന് ശേഷം മദ്യവിതരണം ആരംഭിച്ച ദിവസം മുതൽ ജയമോഹൻ തമ്പിയും മകൻ അശ്വിനും എല്ലാ ദിവസവും മദ്യപിച്ചിരുന്നു. വിദേശത്ത് ഷെഫായി ജോലി ചെയ്തിരുന്ന അശ്വിൻ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ അന്ന് മുതൽ അച്ഛനുമായി പണത്തിന്‍റെ പേരിൽ വഴക്ക് പതിവായിരുന്നു. മദ്യപിക്കുന്നതിനായാണ് അശ്വിൻ പണം ആവശ്യപ്പെട്ടിരുന്നത്. ജയമോഹന്‍റെ എടിഎം കാർഡും അശ്വിനാണ് കൈകാര്യം ചെയ്തിരുന്നത്. കൊലപാതകം നടന്ന ശനിയാഴ്ച മദ്യം വാങ്ങുന്നത് സംബന്ധിച്ച് തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. അശ്വിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത അയൽവാസി സതി മദ്യം വാങ്ങി വന്നിരുന്നു. ഈ മദ്യം മൂന്ന് പേരും കൂടി കഴിച്ചു. വീണ്ടും മദ്യം വാങ്ങുന്നതിനായി ജയമോഹൻ അശ്വിന്‍റെ പക്കൽനിന്നും തന്‍റെ എടിഎം കാർഡ് ചോദിച്ചതാണ് പ്രകോപനമായത്.
ജയമോഹൻ തമ്പിയുടെ മൂക്കിലാണ് അശ്വിൻ ആദ്യം ഇടിച്ചത്. പിടിച്ച് തള്ളിയപ്പോൾ ജയമോഹൻ തലയിടിച്ച് വീഴുകയും ചെയ്തു. തുടർന്ന് ജയമോഹന്‍റെ തല അശ്വിൻ ഒരിക്കൽ കൂടി തറയിൽ ഇടിക്കുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നു ഇത് ചെയ്തതെല്ലാം. തുടർന്ന് അനിയനെ വിളിച്ച് അച്ഛന് പരിക്ക് പറ്റിയത് അറിയിച്ചെങ്കിലും സ്ഥിരം സംഘർഷമായതിനാൽ അനിയൻ കാര്യമായെടുത്തില്ല. അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വേണമെന്ന് നാട്ടുകാരോട് അശ്വിൻ പറയുകയും ചെയ്തു. പിന്നീട് പുറത്ത് പോയി വീണ്ടും മദ്യപിച്ച ശേഷം സിറ്റൗട്ടിൽ നിന്നും മൃതദേഹം ഹാളിലേക്ക് വലിച്ചിട്ട ശേഷം മദ്യപാനം തുടർന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും തുടർച്ചയായി അശ്വിൻ മദ്യപിക്കുകയായിരുന്നു.
വീടിന്‍റെ മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാക്കളാണ് മൃതദേഹം കാണുന്നത്. പൊലീസിനെ വിവരം അറിയിച്ചതും ഇവരാണ്. അസഹ്യമായ ദുർഗന്ധത്തെ തുടർന്നാണ് ഇവർ വീടിനുള്ളിലേക്ക് നോക്കിയത്. പൊലീസ് എത്തി 20 മിനിട്ടുകൾക്ക് ശേഷമാണ് അശ്വിൻ പുറത്തിറങ്ങിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യം വാങ്ങി നൽകിയ അയൽവാസി സതിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ജയമോഹന്‍റെ നാല് പവന്‍റെ മാല മോഷണം പോയതായാണ് ആദ്യം കരുതിയത്.
എന്നാൽ വിശദമായ പരിശോധനയിൽ മാല കണ്ടെത്തി. രണ്ട് വർഷങ്ങൾക്ക് മുമ്പ് ജയമോഹന്‍റെ ഭാര്യ മരിച്ചതോടെയാണ് കുടുംബത്തിന്‍റെ താളം തെറ്റിയത്. ഇതോടെയാണ് ജയമോഹൻ മദ്യത്തിന് അടിമയായി മാറിയത്. ഇവരുടെ മരണത്തിലും ദുരൂഹത ആരോപിക്കുന്നുണ്ട്. ഇതും പൊലീസ് പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. അശ്വിനെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു. കാരക്കോണത്തെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. കൊവിഡ് പരിശോധന നടത്തിയ ശേഷമാകും ജയിലിലേക്ക് മാറ്റുക.