തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആകാശത്ത് നിൽക്കുന്ന ഓർഡിനൻസിനെ കുറിച്ച് എന്ത് പ്രസ്‌താവനയാണ് നടത്തേണ്ടതെന്നും അത് ഓർഡിനൻസ് ആവട്ടെ അപ്പോൾ വീണ്ടും പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്ത വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റം വന്നോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സ്വകാര്യമേഖലയ്ക്ക് സമ്പദ്ഘടനയിൽ ഇടം ഒരുക്കാനുള്ള പരിശ്രമം'
പൊതുമേഖലയെ വിറ്റഴിക്കാനും സ്വകാര്യമേഖലയ്ക്ക് സമ്പദ്ഘടനയിൽ ഇടം ഒരുക്കാനുള്ള പരിശ്രമങ്ങളുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കണ്ടതെന്ന് കാനം രാജേന്ദ്രൻ. പൊതുമേഖലയെ വിറ്റഴിച്ച് സ്വകാര്യമേഖലയ്ക്ക് കൈമാറി, അതിന്‍റെ വരുമാനം കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാമെന്ന് ചിന്തിക്കുന്ന ഭരണകൂടം തൊഴിലാളികൾക്കും കൃഷിക്കാർക്കും എതിരാണെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.
തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ഈ ബജറ്റിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തൊഴിലാളികളും കൃഷിക്കാരും മറ്റു ജനവിഭാഗങ്ങളും ഒന്നിച്ച് നിന്നുകൊണ്ട് സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളികളുടെ ദേശീയപണിമുടക്കിനോടനുബന്ധിച്ച് എംഎൻ സ്‌മാരകത്തിൽ ലഘുലേഖ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ
ALSO READ: സ്ഥലമേറ്റെടുത്തിട്ട് 10 വർഷം, ഒരു കല്ലു പോലും സ്ഥാപിക്കാനാകാതെ ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി