തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തന്‍കോട് വാവറമ്പലം സ്വദേശി അബ്ദുല്‍ അസീസ് (68) മരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. കേരളത്തിലെ ആദ്യ കൊവിഡ് മരണം മാര്‍ച്ച് 28ന് കൊച്ചിയിലായിരുന്നു.
വെങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് അബ്ദുല്‍ അസീസ് ആദ്യം ചികിൽസ തേടിയത്. മാര്‍ച്ച് 13ന് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. മാര്‍ച്ച് 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. 29നാണ് ഇയാള്‍ക്ക് രോഗം സ്ഥീരികരിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോള്‍ ഇയാളുടെ നില ഗുരുതരമായിരുന്നു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് കൊറോണ വൈറസ് ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിദേശത്ത് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതായോ ഇതുവരെ കണ്ടെത്തിട്ടില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളുടെ സഞ്ചാരപഥത്തിന്‍റെ രേഖ പുറത്തിറക്കിയത്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് അരിയോട്ട് കോണത്തെ രാജശ്രീ ഓഡിറ്റോറിയത്തില്‍ ബന്ധുവിന്‍റെ വിവാഹത്തിലും മാര്‍ച്ച് 11നും 18 നും ഓരോ മരണ വീടുകളിലും ഇയാള്‍ എത്തിയിരുന്നു. പല തവണ വീടിനടുത്തുള്ള ജുമുഅ മസ്ജിദിലും പോയി. പ്രദേശത്ത് മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ലോകരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടപടികള്‍ പുരോഗമിക്കുകയാണ്