മലപ്പുറം : കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമില്ലെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളെ കേരള പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പാലക്കാട്ടെ സംഭവത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള പോരിനെക്കുറിച്ച് ഇന്‍റലിജന്‍സ് വിഭാഗം അറിഞ്ഞില്ലെന്നത് വീഴ്‌ച തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വര്‍ഗീയ ശക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴെല്ലാം കേരളം അതില്‍ നിന്നെല്ലാം വിഭിന്നമായി ഉന്നതരാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിച്ചിരുന്നു. വര്‍ഗീയതയിലൂടെ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായത്തിന്‍റെ വികാരം മുതലെടുത്ത് അവരുടെയിടയില്‍ സ്ഥാനം നേടാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണില്‍ പ്രസക്തിയില്ല.
കൊലക്കത്തി രാഷ്‌ട്രീയം : അക്രമരാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിക്കാമെന്നും അവരുടെ വോട്ട് നേടാമെന്നും ചിന്തിക്കുന്നത് വെറുതെയാണ്. ഇതിലും വൈകാരികമായ പല പ്രശ്‌നങ്ങള്‍ വന്നപ്പോഴും കേരളം കൊലക്കത്തി രാഷ്ട്രീയം നിരാകരിച്ച് അതിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്നവരാണ് മുസ്‌ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍. അവശ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിന്‍റെ ഉന്നമനത്തിനും, പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് ജനങ്ങളുടെ മനസില്‍ ഇടം നേടിയത് കാലങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്.
കേരളത്തെ മോശമാക്കുന്നു : വിഭാഗീയ, വര്‍ഗീയ പ്രവര്‍ത്തനങ്ങളെ എന്നും മുസ്‌ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്. ഇതിനെതിരെ ഇനിയും ക്യാമ്പയിന്‍ തുടരും. എന്നാല്‍ അക്രമത്തിലൂടെ ജനങ്ങളുടെയുള്ളിലേക്ക് കയറാൻ കഴിയുമെന്ന് വിചാരിക്കുന്നത് വെറുതെയാണ്. മുമ്പും ഇത്തരം വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും കേരളീയ സമൂഹം അവരെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന ചെറിയ സംഭവങ്ങളെ പോലും ഊതി വീര്‍പ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. യു.പി തെരഞ്ഞെടുപ്പില്‍ കേരളത്തിനെതിരെയുള്ള യോഗിയുടെ പരാമര്‍ശം നാം കണ്ടതാണ്. അതിനാൽ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.