മലപ്പുറം: ഒമിക്രോൺ മലപ്പുറം ജില്ലയിലും സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന ഇയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.
ഇയാൾക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൃത്യമായ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇദ്ദേഹം ടാൻസാനിയയിൽ രണ്ടാഴ്‌ച മുൻപ് സന്ദർശനം നടത്തിയെന്ന വിവരം ലഭിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും.
ALSO READ: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 11
അതേസമയം ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരുകയാണ്. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും. രോഗം സ്ഥിരീകരിച്ച മംഗളൂരു സ്വദേശി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായാണ് വിവരം.