മലപ്പുറം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നാടുകാണി ചുരം വഴി വരുന്ന യാത്രക്കാര്‍ക്കുളള കൊവിഡ് പരിശോധന വഴിക്കടവിൽ തുടങ്ങി. ആനമറിയിലെ വനം ചെക്ക് പോസ്റ്റിന് സമീപം പ്രത‍്യേക ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പരിശോധന. കേരളത്തിലേക്ക് വരുന്ന യത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുളള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. കൊവിഡ് ശക്തമായതിനെ തുടര്‍ന്ന് കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുളള നൂറ് കണക്കിന് ആളുകളാണ് പരിശോധന കൂടാതെ ജില്ലയിലേക്ക് എത്തിയിരുന്നത്.
മെഡിക്കല്‍ കോളജിലെ ഡോ.അഭിജിത്തന്‍റെ നേതൃത്വത്തില്‍ രണ്ട് ഡോക്ടർമാർ, മൂന്ന് നഴ്‌സുമാർ, പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുളള സംഘമാണ് ചുരത്തിലുളളത്. ആദ‍്യമായാണ് ചുരത്തിൽ പരിശോധന സംവിധാനം ഒരുക്കുന്നത്. യാത്രാകാരിൽ നിന്നും ശേഖരിക്കുന്ന സ്വാബ് മഞ്ചേരി മെഡിക്കല്‍ കോളജിക്ക് അയക്കും. 24 മണിക്കൂറിനുളളില്‍ ആളുകള്‍ക്ക് മൊബൈല്‍ വഴി ഫലം ലഭിക്കും. അതുവരെ വീട്ടിൽ ക്വാറന്‍റൈനിൽ ഇരിക്കണം. ഫലം പോസിറ്റീവായാൽ കൊവിഡ് മാനദണ്ഡപ്രകാരമുള്ള ചികിത്സ തേടണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിശോധന നടത്തുന്നുണ്ട്. പരിശോധനക്ക് വിധേയമായവരുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള പൂർണമായ മേൽവിലാസം സേഖരിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ ആര്‍ടിപിസിആർ നടത്തിയവരെ പരിശോധന നടത്തുന്നില്ല.
വെള്ളിയാഴ്ച 200 ഓളം പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ല മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം പ്രത‍്യേക ആരോഗ‍്യസംഘമാണ് പരിശോധന നടത്തുന്നത്. കൂടാതെ റവന‍്യൂ, പൊലീസ്, അധ‍്യാപകർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലുള്ള പ്രത‍്യേക ചെക്ക് പോസ്റ്റും ആനമറിയിൽ പ്രവർത്തിക്കുന്നുണ്ട്. ചുരം ഇറങ്ങിവരുന്ന ആളുകളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും യാത്രകാർക്ക് കൊവിഡ് ബോധവത്കരണം നൽകുകയുമാണ് ചെക്ക്പോസ്റ്റിൽ ചെയ്യുന്നത്. വെള്ളിയാഴ്ച 200 ഓളം വാഹനങ്ങളിൽ 500 ഓളം പേർ ചുരം ഇറങ്ങി.
Also read: കൊവിഡ് വാക്സിനേഷന് ബജറ്റില്‍ 35,000 കോടി ; കേന്ദ്രം ചെലവഴിച്ചത് കേവലം 4747 കോടി