മലപ്പുറം: നിലമ്പൂർ നഗരസഭയിലെ 33 ഡിവിഷനുകളിൽ 23 ഡിവിഷനുകളും കണ്ടെയ്‌ൻമെന്‍റ് സോണായി സർക്കാർ പ്രഖ്യാപിച്ചു. നിലമ്പൂർ നഗരസഭയിൽ കൊവിഡ് വ്യാപനം ശക്തമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
അതേസമയം നിലമ്പൂർ നഗരസഭയോട് നിലവിലെ സാഹചര്യത്തിൽ ഒരഭിപ്രായം പോലും ചോദിക്കാതെ അശാസ്ത്രീയമായാണ് നഗരസഭയിലെ 23 ഡിവിഷനുകളിൽ കണ്ടെയ്‌ൻമെന്‍റ് സോൺ പ്രഖ്യാപിച്ചതെന്ന് നിലമ്പൂർ നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് പറഞ്ഞു. ആരോഗ്യ വകുപ്പും ഇത് സംബന്ധിച്ച് ഒരു അഭിപ്രായവും ചോദിച്ചിട്ടില്ല, ജില്ലാ കലക്ടറുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വിവരം അറിഞ്ഞത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപടിയെടുത്തിരുന്നില്ലെങ്കില്‍ ഇത്രയും ഡിവിഷനുകള്‍ കണ്ടെയ്‌ൻമെന്‍റ് സോൺ ആക്കേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്നും പത്മിനി ഗോപിനാഥ് പറഞ്ഞു.
കണ്ടെയ്‌ൻമെന്‍റ് സോണുകൾ അശാസ്ത്രീയമായി പ്രഖ്യാപിക്കുന്നതുമൂലം വ്യാപാരി സമൂഹം കടുത്ത പ്രതിസന്ധിയിലായതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് വിവരം അറിഞ്ഞത്. നഗരസഭാ, ആരോഗ്യ, പൊലീസ് വിഭാഗങ്ങൾക്ക് പോലും ശരിയായ വിവരം തരാൻ കഴിയാതിരുന്നതും വ്യാപാരികളെ വലച്ചതായി അദ്ദേഹം പറഞ്ഞു.
കടകൾ പൂർണ്ണമായി അടച്ചിടുന്നത് പ്രശ്ന പരിഹാരമല്ല, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണം, കണ്ടെയ്‌ൻമെന്‍റ് സോൺ ഏറെ ബാധിക്കുന്നത് വ്യാപാരികളെയാണെന്നും വിനോദ പി. മേനോൻ പറഞ്ഞു ഹോട്ടലുകൾക്ക് രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം, നിലമ്പൂർ നഗരസഭയിലെ, 2, 4, 5, 6, 8, 9, 10, 11, 13, 15, 16, 17, 19, 21, 22, 23, 24, 25, 28, 29, 31, 32, 33, എന്നി ഡിവിഷനുകളാണ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. 26 മുതലാണ് കണ്ടെയ്‌ൻമെന്‍റ് സോണായത്. എന്നാൽ അവൃക്തത നീക്കി അധികൃതർ ഇന്നാണ് പ്രഖ്യാപനം നടത്തിയത്.