കോഴിക്കോട്: പരാതി നൽകിയവരെ പടിക്ക് പുറത്താക്കാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. എംഎസ്എഫ് ഭാരവാഹികൾക്കെതിരെ വനിത കമ്മിഷനിൽ പരാതി നൽകിയ ‘ഹരിത’ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. 'ഹരിത' തന്നെ പിരിച്ച് വിടാനും പാർട്ടിയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്.
കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കാനുള്ള മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ നിർദേശം വനിത വിഭാഗം നേതാക്കൾ തള്ളിയെന്നാണു സൂചന. ഒത്തുതീർപ്പിനായി ചർച്ച നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെ പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് പാർട്ടി നേതാക്കൾ ഹരിത ഭാരവാഹികൾക്ക് നൽകിയിട്ടുണ്ട്.
ALSO READ: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വനിത വിഭാഗം വനിത കമ്മിഷനില്‍
എംഎസ്എഫ് നേതാക്കൾ സ്ത്രീവിരുദ്ധ, അശ്ലീല പരാമർശങ്ങൾ എന്നിവ നടത്തി അപമാനിച്ചുവെന്നു കാണിച്ചാണ് ‘ഹരിത’ നേതാക്കൾ പരാതി നൽകിയത്. പാർട്ടിക്കു പരാതി നൽകി രണ്ടു മാസത്തോളം കാത്തിരുന്നിട്ടും നടപടി ഇല്ലാത്തതിനെത്തുടർന്നാണ് ഹരിത നേതാക്കൾ കമ്മിഷനെ സമീപിച്ചത്.
ALSO READ: ലൈംഗികാധിക്ഷേപ പരാതി ; ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം
പരാതി പിൻവലിച്ചാൽ, ആരോപണ വിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കാമെന്ന് ലീഗ് നേതാക്കൾ ‘ഹരിത’ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പരസ്യ ശാസന ഉൾപ്പെടെയുള്ള നടപടികളാണ് നേതാക്കൾ മുന്നോട്ടുവച്ചത്. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ വനിത നേതാക്കൾ തയ്യാറായിട്ടില്ല