കോഴിക്കോട്: 125 വർഷത്തിലേറെ പഴക്കമുള്ള കർഷക പാരമ്പര്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം ഇനം പശുക്കള്‍. പ്രധാന വരുമാനമാർഗം പാലും പാല്‍ ഉല്‍പ്പന്നങ്ങളും. അത്തോളിയിലെ കാമധേനു നാച്ചുറല്‍ ഫാം ശ്രദ്ധേയമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടൊന്നുമല്ല, പഴയ കാര്‍ഷിക രീതിയായ ചക്കിലാട്ടല്‍ പിന്തുടരുന്നത് കൊണ്ടാണ്.
അധ്യാപകന്‍ കൂടിയായ അക്ഷയ് ആണ് ഫാമില്‍ കാളകളെ ഉപയോഗിച്ച് ചക്കിലാട്ടല്‍ ആരംഭിച്ചത്. പശുക്കിടാങ്ങളിൽ കാളക്കിടാങ്ങളെ അറവ് ശാലകളിലേക്ക് കൊടുക്കുന്നത് ഒഴിവാക്കാനും കാളകളെ സംരക്ഷിക്കാനും അക്ഷയ് കണ്ടെത്തിയ മാർഗമാണ് ചക്ക്.
പൂവത്തിൽ തടിയിലാണ് ചക്ക് തീർത്തിരിക്കുന്നത്. പഴയ കാലത്തെ മാതൃകകളില്‍ നിന്നും പ്രവർത്തന സൗകര്യം കണക്കാക്കി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം. കാളകൾക്കും ഇത് സൗകര്യമാണ്. രാമനും ലക്ഷ്‌മണനും ഭീമനും ധ്യാനും മാറി മാറി ചക്കിനെ തിരിച്ച് കൊണ്ടേയിരിക്കും. പ്രതിദിനം 30 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ഒപ്പം എള്ളെണ്ണയും.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന 2014 ലെ ഗിന്നസ് റെക്കോഡ് നേടിയ, ഫാമിലെ ഏറ്റവും പ്രായം കുറഞ്ഞ പശു മാണിക്യത്തിന്‍റെ പേരാണ് വെളിച്ചെണ്ണക്കും എള്ളെണ്ണക്കും നൽകിയിരിക്കുന്നത്. ഗുണമേന്മ കൂടുതലുള്ള ഇവയ്ക്ക് നാട്ടിലും പുറംനാട്ടിലും ആവശ്യക്കാർ ഏറെയാണ്.
87143 38088 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യക്കാർക്ക് എണ്ണ എത്തിച്ച് നല്‍കും. തേങ്ങ കൊപ്രയാക്കാനും ചക്ക് തിരിക്കാനും ഫാം പരിപാലനത്തിനുമെല്ലാം അക്ഷയ്‌ക്കൊപ്പം അച്ഛനുമുണ്ട്.
Also read: Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി