പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കവിതയുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. അതിന് ശേഷമായിരിക്കും പോസ്റ്റുമോർട്ടം നടത്തുക. അണുബാധയാണ് മരണകാരണമായത്.
തിരുവല്ലയിലെ റോഡരികിൽ പട്ടാപ്പകൽ സഹപാഠിയായ അജിൻ റെജി മാത്യുവാണ് പെൺകുട്ടിയെ ആക്രമിച്ചത്. കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. എട്ട് ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കവിത മരണത്തിന് കീഴടങ്ങിയത്.
ആക്രമണം കണ്ട നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചതും നാട്ടുകാരാണ്. നിലവിൽ അജിൻ റെജിൻ മാത്യു മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും പെൺകുട്ടി മരിച്ച സാഹചര്യത്തിൽ കൊലപാതകക്കേസായി മാറും.