കോട്ടയം : പാർട്ടി പറഞ്ഞാൽ ബഫർ സോൺ ഉണ്ടെന്ന നിലപാടാണ് മന്ത്രി സജി ചെറിയാന്‍റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. ബഫർ സോണില്ല എന്ന് ആദ്യം പറഞ്ഞ മന്ത്രി പാർട്ടി പറഞ്ഞപ്പോൾ ഉണ്ടെന്ന് തിരുത്തി. കെ-റെയിലിന്‍റെ കാര്യത്തിൽ പാർട്ടിയാണ് ബഫർ സോൺ തീരുമാനിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു.
ബഫർ സോണ്‍ അല്ല സെക്യൂരിറ്റി ഏരിയ ആണെന്നാണ് സജി ചെറിയാൻ ആദ്യം പറഞ്ഞത്. ഈ സ്ഥലം വിൽക്കുന്നതിനും വാങ്ങുന്നതിനും തടസമില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി പറഞ്ഞതോടെ ബഫർ സോണ്‍ ഉണ്ടെന്ന് പറയുന്നു. പാർട്ടിക്ക് വേണ്ടിയാണ് ഈ പദ്ധതി എന്നത് പച്ചയായ സത്യമാണ് - തിരുവഞ്ചൂർ പറഞ്ഞു.
കെ-റെയിൽ തന്‍റെ മക്കളുടെ കാലത്തെങ്കിലും നടപ്പാകട്ടെയെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. 25 വർഷമെടുത്താൽ പോലും പദ്ധതി പൂർത്തിയാകില്ലെന്ന് അദ്ദേഹത്തിനറിയാമെന്നത് ഇതിലൂടെ തന്നെ നമുക്ക് മനസിലാക്കാം. പാർട്ടിക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂർ ചോദിച്ചു.
ALSO READ: 'അവകാശം ഹനിക്കുന്ന നടപടി'; കൈയേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്
അതേസമയം കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന കോട്ടയo നട്ടാശേരിയിലെ കുഴിയാലിപ്പടിയിൽ പ്രതിഷേധക്കാർ സമര പന്തൽ കെട്ടി. ഇവിടെ രാപ്പകൽ സമരം ആരംഭിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ കല്ലുമായി വന്ന വാഹനം തിരികെ പോയി. ഉദ്യോഗസ്ഥർ കല്ലിടാൻ നാളെ എത്തുമെന്നാണ് സൂചന.