എറണാകുളം: സുപ്രീം കോടതി വിധി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് ഓടക്കാലി സെന്റ് മേരീസ് സുറിയാനി പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.
വെളളിയാഴ്ച്ച കോടതിയില്‍ നിന്നും ലഭിച്ച അനുകൂല ഉത്തരവിനെത്തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്നലെ മുതല്‍ 50 ഓളം യാക്കോബായ വിശ്വാസികള്‍ പളളിക്കകത്ത് നിലയുറപ്പിക്കുകയും ഗെയ്റ്റ് പൂട്ടുകയുമായിരുന്നു. കോടതിവിധി അനുസരിച്ച് പളളിയില്‍ പ്രവേശിക്കണമെന്ന ആവശ്യം പൊലീസിനെ അറിയിച്ചെങ്കിലും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവില്‍ പറയാത്തതിനാല്‍ പൊലീസ് കൈമലര്‍ത്തി. ഇതേത്തുടര്‍ന്നാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.
സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. കോടതി വിധി ലഭിച്ച ഇന്നലെ രാത്രി പളളിക്ക് സമീപം പടക്കം പൊട്ടിച്ചും മറ്റും ഓര്‍ത്തഡോകസ് വിഭാഗം ആഘോഷിച്ചിരുന്നു. ഇതും യാക്കോബായ വിഭാഗത്തെ ചൊടിപ്പിച്ചു. പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി സ്ത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിയിൽ പ്രതിഷേധം നടത്തുന്നത്.