എറണാകുളം: മോൻസണ്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിലൊരാളായ കോഴിക്കോട് സ്വദേശി എം.ടി ഷെമീർ സമർപ്പിച്ച ഹർജിയിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്.
ഐ.ജി ലക്ഷ്‌മണ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല. ലക്ഷ്‌മണയെ കൂടാതെ ചേർത്തല സിഐ ആയിരുന്ന പി ശ്രീകുമാർ, സി.ഐമാരായ അനന്ത ലാൽ, എ.ബി വിപിൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. പട്രോളിങ് ബുക്ക് മോൻസന്‍റെ വീട്ടിൽ വച്ചത് സ്വാഭാവിക നടപടിക്രമത്തിന്‍റെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
'കെ സുധാകരനെ ചോദ്യം ചെയ്യണം': അനന്തലാലും, വിപിനും കടമായിട്ടാണ് മോൻസന്‍റെ പക്കൽ നിന്നും 280000 രൂപ കൈപ്പറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെങ്കിലും തട്ടിപ്പിൽ പങ്കുള്ളതായി തെളിവില്ല. സുരേന്ദ്രന്‍റെയും കെ.സുധാകരൻ എം.പിയുടെയും സാന്നിധ്യത്തിലാണ് മോൻസന് തങ്ങൾ പണം കൈമാറിയതെന്ന് പരാതിക്കാർ നേരത്തെ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ സുധാകരനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ ജയിലിൽ കഴിയുന്ന മോൻസന്‍റെ വീട്ടിൽ നിന്നും മറ്റും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ച് തെളിവുകൾ ശേഖരിക്കണമെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.