എറണാകുളം: വ്യാജ ചെക്ക് കേസിൽ ഒരു ദിവസത്തെ കോടതി തടവ് അനുഭവിച്ച് നടൻ റിസബാവ. നഷ്ടപരിഹാര തുകയായ പതിനൊന്ന് ലക്ഷം രൂപയും കോടതിയിൽ കെട്ടിവെച്ചു. പതിനൊന്ന് ലക്ഷം രൂപയുടെ വ്യാജ ചെക്ക് നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ വിചാരണ കോടതി നാല് മാസത്തെ തടവും പതിനൊന്ന് ലക്ഷം രൂപ അടയ്‌ക്കാനാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ റിസ ബാവ അപ്പീൽ കോടതിയെ സമീപിച്ചപ്പോൾ വിചാരണ കോടതി വിധി ശരിവച്ചിരുന്നു. അതേസമയം നാല് മാസത്തെ തടവ് എന്നത് ഒരു മാസത്തെ തടവ് ആക്കി കുറച്ചിരുന്നു. പണമടച്ചാൽ ഒരു ദിവത്തെ തടവ് അനുഭവിക്കാനും ഉത്തരവിട്ടു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ കോടതി വിധി അംഗീകരിക്കുകയും പണമടയ്‌ക്കാൻ ആറു മാസത്തെ സമയം അനുവദിക്കുകയായിരുന്നു. ഈ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും റിസബാവ പണമടച്ചിരുന്നില്ല. ഇതേ തുടർന്നാണ് വിചാരണ കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് റിസബാവ നെഗോഷബിൾ ഇൻസ്‌ട്രുമെന്‍റ് കോടതിയിൽ ഹാജരായി പണമടക്കുകയും, കോടതി പിരിയും വരെ ഒരു ദിവസത്തെ തടവ് അനുഭവിക്കുകയും ചെയ്തത്.
അഞ്ച് വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ പരാതിക്കാരന് നീതി ലഭിച്ചുവെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ ഉമറുൽ ഫാറൂഖ് പ്രതികരിച്ചു. നിയമയുദ്ധം ശുഭകരമായി അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരനായ സ്വാദിഖ് പറഞ്ഞു. 2014ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ ഏളമക്കര സ്വദേശി സ്വാദിഖിന്‍റെ മകനും റിസബാവയുടെ മകളും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നു. സ്വാദിഖിൽ നിന്ന് സഹോദരിയുടെ മകളുടെ വിവാഹത്തിനെന്ന പേരിൽ റിസബാവ പതിനൊന്ന് ലക്ഷം കടം വാങ്ങുകയായിരുന്നു. ഒരു വർഷത്തിന് ശേഷം കടം വാങ്ങിയ തുകയ്ക്ക് പകരം പതിനൊന്ന് ലക്ഷം രൂപയുടെ വ്യാജ ചെക്ക് നൽകുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് പരാതിക്കാരൻ പൊലീസിൽ പരാതി നൽകിയത്. കേസ് കോടതിയിൽ എത്തിയതോടെ വ്യാജ ഒപ്പിട്ട് സാദിഖ് തന്നെ കബളിപ്പിച്ചതാണെന്ന് റിസബാവ വാദിച്ചു. ഇതോടെ വിചാരണ കോടതി നിർദ്ദേശപ്രകാരം ചെക്ക് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിൽ പ്രതി തന്നെ തന്‍റെ ഒപ്പ് തെറ്റായി ഇട്ടതാണെന്ന് കണ്ടെത്തുകയും വിചാരണ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.