എറണാകുളം : പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിൽ. എറണാകുളം എ.സി.ജെ.എം കോടതി ഒക്ടോബർ ഇരുപത് വരെയാണ് മോൻസണെ റിമാൻഡ് ചെയ്‌തത്. വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിൽ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.
ജാമ്യാപേക്ഷയിൽ കോടതി വിധി വെള്ളിയാഴ്‌ച
വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ലെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിയെ റിമാൻഡ് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം എ.സി.ജെ.എം കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇതില്‍ കോടതി വെള്ളിയാഴ്‌ച വിധി പറയും.
വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് തവണയായി ഒമ്പത് ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസണെ ഇതുവരെ ചോദ്യം ചെയ്‌തത്. ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖ നിർമിച്ചത് സംബന്ധിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ മോൻസൺ
അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാകാത്ത മോൻസൺ എല്ലാ കാര്യങ്ങളും തുറന്നുപറയാൻ ഇതുവരെ തയ്യാറായിട്ടില്ല. ആരുടെയൊക്കെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്ന് അന്വേഷണ സംഘം മോൻസണിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
ശ്രീവത്സം ഗ്രൂപ്പിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസിലും, തിരുവനന്തപുരത്തെ ശില്പി സുരേഷിന്‍റെ കേസിലും മോൻസണിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും.
READ MORE: മോൻസണിനെതിരെയുള്ള അന്വേഷണം വൈകിപ്പിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്