എറണാകുളം: രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ഐഷാ സുൽത്താന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തന്നോട് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ഹൈക്കോടതി ഹർജി നാളെ പരിഗണിക്കും.
also read: ജനവിരുദ്ധതയാണ് രാജ്യദ്രോഹം ; ഐഷ സുല്‍ത്താനയ്‌ക്ക് പിന്തുണയുമായി സ്‌പീക്കർ
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഐഷാ സുൽത്താന രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ ,153 ബി വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദറിന്‍റെ പരാതിയിലായിരുന്നു കവരത്തി പൊലീസ് രാജ്യദ്രോഹത്തിന് കേസ് എടുത്തത്.