കണ്ണൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാടക വേദികള്‍ നിശ്ചലമായതോടെ ലോറി ഡ്രൈവറുടെ വേഷം ജീവിതത്തില്‍ ഭംഗിയായി അവതരിപ്പിക്കുകയാണ് ഒരു നടൻ. നാടക, സിനിമ അഭിനേതാവും സംവിധായകനുമായ മുരളി വായാട്ടാണ് പുതിയ വേഷപ്പകർച്ച നടത്തിയത്.
ഒന്നര മാസത്തിനിടെ മഹാരാഷ്ട്രയിൽ നിന്നും അഞ്ച് തവണയാണ് ഉള്ളി ലോഡുമായി മുരളി നാട്ടിൽ എത്തിയത്. കണ്ണൂർ നാടക സംഘത്തിന്‍റെ 'മഹാകവി കുമാരനാശാൻ' എന്ന നാടകത്തിൽ കുമാരനാശാനായി നായക വേഷം ഗംഭീരമാക്കികൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. നാടകങ്ങള്‍ മുടങ്ങി വരുമാനം നിലച്ചതോടെ മുരളി വായാട്ടും ഉപജീവനത്തിന് വഴി തേടി. അങ്ങനെയാണ് ഹെവി ഡ്രൈവിങ് ലൈസൻസ് ഉടമ കൂടിയായ മുരളി ലോറി ഡ്രൈവറുടെ വേഷം അണിഞ്ഞത്.
കൊവിഡ് 19 വലിയ ദുരന്തം സൃഷ്ട്രിച്ച മഹാരാഷ്ട്രയിൽ നിന്ന് ലോഡുമായുള്ള വരവ് വളരെ കരുതലോടെയായിരുന്നുവെന്ന് മുരളി പറയുന്നു. മഹാരാഷ്ട്രയിൽ മാർക്കറ്റ് അടച്ചതിനാൽ കൃഷി ഭൂമികളിൽ ചെന്ന് നേരിട്ടാണ് ലോഡ് എടുക്കുന്നത്. മട്ടന്നൂർ സ്വദേശിയായ മുരളി എഴുപതിലേറെ നാടകങ്ങളിൽ വേഷമിട്ടു. മുരളിയുടെ ആദ്യ നായകവേഷമാണ് മഹാകവി കുമാരനാശാനിലേത്. കണ്ണൂർ സംഘചേതനയിൽ ഡ്രൈവറായും നടനായും നാലുവർഷത്തോളം മുരളി പ്രവർത്തിച്ചിട്ടുണ്ട്. 14 സിനിമകളിലും ഇതിനിടെ മുരളി മുഖംകാണിച്ചു.
'ആൻഡ്രോയ്ഡ് കുഞ്ഞപ്പ'നിലെ ജ്യോത്സ്യൻ, 'ഖര'ത്തിലെ കാര്യസ്ഥൻ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന കുമാരകോടിയിൽ ഉൾപ്പടെ നാല്‍പതില്‍ അധികം സ്റ്റേജുകളിൽ അവതരിപ്പിച്ച നാടകത്തിന് ഇനിയെന്നാണ് കർട്ടൻ ഉയരുക എന്ന ആകുലതയിലാണ് മുരളി വായാട്ടിപ്പോള്‍.