മലപ്പുറം : മോദി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന് രാഹുൽ ഗാന്ധി എംപി. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും ഇത് പൂര്‍ണമായി. ജനങ്ങളുടെ അഭിപ്രായം തേടാതെ മോദി സ്വന്തം അഭിപ്രായങ്ങളും, തീരുമാനങ്ങളും ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിർവഹിച്ചു.
ഉള്ളിവിലയെ പറ്റി ചോദിച്ചാൽ താൻ ഉള്ളി ഉപയോഗിക്കില്ലെന്ന് പറയുന്ന ധനകാര്യ മന്ത്രിയാണ് നമുക്കുള്ളതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജനങ്ങളെ മനസിലാക്കാനുള്ള വിവേകം നരേന്ദ്ര മോദി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽക്കുന്നതോടൊപ്പം, പുനരധിവാസവും, വേഗത്തിലാക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടാകണം. വയനാട്ടിലെ രാത്രി യാത്ര നിരോധനം നീക്കുന്നതിനും, നിലമ്പൂർ - നഞ്ചൻകോട് പാത യഥാർഥ്യമാക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ശ്രമം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരേ ഒരു ഇന്ത്യ, യോജിപ്പുള്ള ഇന്ത്യ ഇതാണ് നമ്മുടെ ആവശ്യം. വിവിധ മതങ്ങളും ഭാഷയും, ജാതിയുമുള്ള രാജ്യത്തെ അതേ മനസോടെ ഉള്‍ക്കൊള്ളാൻ മോദി സര്‍ക്കാരിന് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സുരക്ഷയില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികൾ പഠിക്കുന്നത് ആശങ്കാജനകമാണെന്ന് വയനാട്ടില്‍ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആവശ്യമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സിന്‍റെ ഉദ്ഘാടന വേദിയില്‍ വേങ്ങര ഒഴുകൂർ സ്കൂളിലെ വിദ്യാർത്ഥികൾ പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്‍റെ താക്കോൽ രാഹുല്‍ ഗാന്ധി വീട്ടടുമയ്ക്ക് കൈമാറി.
സൈക്കിളിൽ നേപ്പാൾ വരെ പര്യടനം നടത്തി ഗിന്നസ് റെക്കോഡ് നേടിയ ചാലിയാർ അകമ്പാടം സ്വദേശി അബ്ദുൾ നദീം എന്ന വിദ്യാര്‍ഥിയേയും രാഹുല്‍ ഗാന്ധി അനുമോദിച്ചു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പട്ടിക്കാടൻ ഷാനവാസ് രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം കൈമാറി. കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനത്തില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് സ്കൂളിലെ സഫ ഫെബിൻ എന്ന പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്, എൻ.എ.കരീം, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ, കൺവീനർ യു.എ.ലത്തീഫ്., എ.പി.അനിൽകുമാർ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുത്തു.