ആലപ്പുഴ : അരൂരിലെ വോട്ടര്‍മാരുടെ നിരയില്‍ ഒരു കുഞ്ഞു വോട്ടര്‍ ഉണ്ടായിരുന്നു. രണ്ടരവയസ്സുകാരി കൃഷ്‌ണ. തുറവൂർ 138-ാം നമ്പർ ബൂത്തിൽ അമ്മയ്ക്കൊപ്പം വോട്ട് ചെയ്യാൻ എത്തിയാണ് കൃഷ്‌ണ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായത്. ക്യൂവില്‍ അമ്മയ്‌ക്കൊപ്പം കൃഷ്‌ണയുമുണ്ടായിരുന്നു.
അമ്മയുടെ കയ്യിൽ മഷി പുരട്ടിയപ്പോൾ തന്റെ കയ്യിലും മഷി പുരട്ടണമെന്ന വാശിയായി. ഒടുവിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൃഷ്ണയുടെ വാശിക്ക് മുൻപ് വഴങ്ങേണ്ടി വന്നു. വലത് കയ്യിലെ ചെറുവിരലിൽ മഷി പുരട്ടിയ ശേഷം നേരെ വോട്ടിങ് യന്ത്രത്തിന് അരികിലേക്ക്. എന്നാല്‍ അമ്മ ചെയ്‌തതുപോലെ ബട്ടണ്‍ അമര്‍ത്താന്‍ കഴിയില്ലെന്ന് മനസിലായതോടെ ചെറിയ വിഷമം. എന്നാലും കയ്യില്‍ മഷി പുരട്ടിയതിന്‍റെ സന്തോഷം കൃഷ്‌ണയുടെ മുഖത്ത് ഉണ്ടായിരുന്നു. വോട്ടിങ് യന്ത്രത്തകരാർ മൂലം ടെൻഷൻ അടിച്ചിരുന്ന ഉദ്യോഗസ്ഥർക്കും, നീണ്ട ക്യൂവില്‍ കാത്തുനിന്ന വോട്ടര്‍മാര്‍ക്കും കൃഷ്‌ണയുടെ വികൃതി ആശ്വാസമായി. കുത്തിയത്തോട് പഞ്ചായത്തിൽ തുറവൂർ പടിഞ്ഞാറ് നന്ദനത്തിൽ വിഷ്‌ണു - നീന ദമ്പതികളുടെ മകളാണ് കൃഷ്ണ.