ആലപ്പുഴ: ഇന്ന് രാവിലെ മുതല്‍ ആലപ്പുഴയിലെ പൊലീസുകാരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമൊക്കെ സ്റ്റാറ്റസും പോസ്റ്റും കാണാതായ നാല് വയസുകാരിയെ കണ്ടെത്താൻ സഹായിക്കണമെന്നായിരുന്നു. കുഞ്ഞിന്‍റെ ഫോട്ടോയും വിവരവും സമൂഹമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഏവരുടെയും ആശങ്കയകറ്റി ആ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ കിട്ടിയപ്പോള്‍ ഏവരുടെയും മുഖത്ത് ആശ്വാസത്തോടൊപ്പം പൊട്ടിച്ചിരിയും. ആലപ്പുഴ കുതിരപ്പന്തിയിലെ ദിയയാണ് ഇക്കഥയിലെ താരം. ആ സംഭവമിങ്ങനെ..!
എന്നെ കൂടെ കൊണ്ടു പോകാത്തത് എന്തേ..!
സമയം രാവിലെ 9.30. വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാല് വയസുകാരിയായ ദിയയെ പെട്ടന്ന് കാണാതാവുന്നു. അമ്മ ഭക്ഷണം കൊടുക്കാനായി അന്വേഷിച്ചപ്പോള്‍ കുട്ടിയില്ല. നെഞ്ചിടപ്പോടെ വീടും പരിസരവും അയല്‍വക്കവുമെല്ലാം തെരഞ്ഞു. ഒരിടത്തും ഇല്ല. പേടി നിലവിളിയായി. നാട്ടുകാര്‍ ചുറ്റും കൂടി. ഒപ്പമുണ്ടായിരുന്നവര്‍ കുട്ടിയുടെ ഫോട്ടോയടക്കം എല്ലാ സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഇതിനിടയില്‍ പൊലീസും എത്തി. വളരെ ഊര്‍ജിതമായ തെരച്ചില്‍. ഒരിടത്തും കുട്ടിയില്ല.
കുട്ടിയുടെ ഫോട്ടോയും മാതാപിതാക്കളുടെ ഫോൺ നമ്പറും ക്രൈം റെക്കോർഡ്‌സ് ബ്യുറോയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ നമ്പറും ഉൾപ്പെടുത്തി അധികൃതര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിപ്പിച്ചു. എല്ലാ സ്റ്റേഷനിലും സന്ദേശം പോയി. ബസ്റ്റാൻഡും റെയില്‍വേ സ്റ്റേഷനും പൊലീസ് നിരീക്ഷണം ശക്തമാക്കി. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും പോസ്റ്റ് പങ്കുവച്ചു.
മണിക്കൂറുകള്‍ പിന്നിടവെ വീട്ടിലെ ഒരു അലമാരയ്ക്കുള്ളില്‍ നിന്നും ഒരു ചെറിയ കരച്ചില്‍. ശബ്ദം കേട്ടയാള്‍ ഓടിച്ചെന്ന് അലമാര തുറന്നു. അപ്പോഴതാ നാട് മൊത്തം തിരയുന്ന ദിയ അവിടെ. പൊന്നാമോനയെ വാരിയെടുത്തു. എന്തിനാ ഇങ്ങനെ ചെയ്തതെന്ന് വീട്ടുകാര്‍ ചോദിച്ചു. മറുപടി കേട്ട് ഒപ്പം കൂടിയവര്‍ പൊട്ടിച്ചിരിച്ചു.
തന്നെ കൂട്ടാതെ വലിയച്ഛൻ ജ്യേഷ്ഠനെ എറണാകുളത്തേക്ക് കൊണ്ടുപോയി......
ഇതായിരുന്നു ഒരു നാടിനെ മുഴുവൻ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്‍റെ കാരണം. അലമാരയില്‍ ഒളിച്ച കുഞ്ഞ് ദിയ അവിടെയിരുന്ന് ഉറങ്ങിപ്പോയി. പിന്നെയെപ്പോഴോ ഉണര്‍ന്നപ്പോള്‍ വിശപ്പ് സഹിക്കാൻ വയ്യ. അപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഉച്ചത്തില്‍ കരഞ്ഞു.
ട്രോള്‍ മഴയും സന്തോഷവും
ദിയയുടെ കുസൃതി കൊണ്ട് നാട് മുഴുവൻ ബുദ്ധിമുട്ടിയെങ്കിലും സംഭവം ജനം ട്രോള്‍ മഴയാക്കി ആസ്വദിച്ചു. വിവിധ ട്രോൾ പേജുകളിൽ ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ ഇറങ്ങി. ഇതോടെ കുട്ടിയെ കിട്ടി എന്ന വിവരം പോസ്‌റ്റ് ചെയ്‌ത് കാണാതായ അറിയിപ്പ് പിൻവലിക്കണമെന്നും ഇനി പോസ്റ്റ് ഷെയർ ചെയ്യരുതെന്ന അഭ്യർഥനയുമായി എംഎൽഎയും കുട്ടിയുടെ മാതാപിതാക്കളും രംഗത്ത് എത്തി.
ALSO READ: കായംകുളത്ത് ആംബുലൻസ് കല്യാണവാഹനമാക്കി; ദൃശ്യം വൈറല്‍, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്