ആലപ്പുഴ: പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായ പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്ന കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ല കമ്മിറ്റി കൂടി നടപടിയെടുക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മർദത്തെ തുടർന്നാണ് തീരുമാനം.
പ്രതിഭയെ വെട്ടിനിരത്തും: സിപിഎം ഏരിയ കമ്മിറ്റി അംഗമായിരിക്കെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പാർട്ടി അംഗം എന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതാവ് എന്ന നിലയിലുമാണ് നടപടി. എംഎൽഎയുടേത് സംഘടന വിരുദ്ധ നടപടിയാണ്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോർച്ച ഉൾപ്പെടെ ഗൗരവമുള്ള കാര്യങ്ങൾ പറയേണ്ട സമയങ്ങളിൽ പറഞ്ഞില്ല. പാർട്ടി ഫോറത്തിന് പുറത്ത് ബോധപൂർവ്വം എല്ലാം ചർച്ചയാക്കുന്നു, എന്നിങ്ങനെയാണ് എംഎൽഎയ്‌ക്കെതിരായ കുറ്റങ്ങളായി പാർട്ടി ജില്ല നേതൃത്വം കണ്ടെത്തിയിട്ടുള്ളത്.
വിവാദം ആയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എംഎൽഎയോട്, സിപിഎം ജില്ല സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാർട്ടി മുതിർന്നില്ല. മാത്രമല്ല എല്ലാം ഏറ്റുപറഞ്ഞ് ഫേസ്‌ബുക്ക് അക്കൗണ്ട് പോലും എം.എല്‍.എ ഉപേക്ഷിച്ചിരുന്നു. വിവാദങ്ങൾ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയിൽ വീണ്ടും പരസ്യ വിമർശനവുമായി പ്രതിഭ രംഗത്തെത്തിയത്.
ഇതോടെ കായംകുളത്തെ പാർട്ടി ഔദ്യോഗിക വിഭാഗം അടക്കം എംഎൽഎക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തൽ പോലെ ശക്തമായ നടപടി പ്രതിഭയ്‌ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന.
പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് യു പ്രതിഭ എംഎല്‍എ വിമര്‍ശിച്ചു. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോട് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞിരുന്നു.
കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണെന്നും പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായിട്ടുണ്ടെന്നും പറയാൻ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു. ഇതാണ് സിപിഎം നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചത്.