ന്യൂയോര്‍ക്ക്: പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് കമ്പനി സിഇഒ ഇലോണ്‍ മസ്‌ക്. ടെസ്‌ലയ്‌ക്ക് വേണ്ടി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടി വരുമോ എന്ന ആശങ്കയാണ് തനിക്കുള്ളതെന്ന് മസ്‌ക് പറഞ്ഞു. ടെസ്‌ല വാഹന ഉടമകളുടെ കൂട്ടായ്‌മയുമായി(Tesla owners group) സംസാരിക്കവെയാണ് കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് അദ്ദേഹം മനസ് തുറന്നത്.
"വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ടെസ്‌ലയെ വലിയ രീതിയില്‍ ബാധിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ നിന്ന് കമ്പനി പൂര്‍ണമായി മുക്തമായിട്ടില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക തടസങ്ങളില്ലാതെ ഫാക്‌ടറികള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നാണ്. എങ്കില്‍ മാത്രമെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യേണ്ടിവരും", ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ജര്‍മനിയിലെ ബര്‍ലിനിലെയും, അമേരിക്കയിലെ ടെക്‌സാസിലെയും ഫാക്‌ടറികള്‍ ടെസ്‌ലയ്‌ക്ക് ശതകോടി ഡോളറുകള്‍ നഷ്‌ടം ഉണ്ടാക്കുകയാണെന്ന് മസ്‌ക് പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ വേണ്ട സമയത്ത് കിട്ടാത്തത് കാരണം ചെലവിന് അനുസൃതമായുള്ള ഉത്‌പാദനം നടക്കുന്നില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വേഗത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഷാങ്‌ഹായിലുള്ള ടെസ്‌ലയുടെ ഫാക്‌ടറികള്‍ കൊവിഡ് ലോക്‌ഡൗണ്‍ കാരണം നിരവധി ആഴ്‌ചകള്‍ അടച്ചിട്ടിരുന്നു. സ്ഥിര വേതനമുള്ള 10 ശതമാനം ജീവനക്കാരെ കുറയ്‌ക്കാന്‍ ടെസ്‌ല ഈയിടെ തീരുമാനിച്ചിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ലാണ് ടെസ്‌ല ലാഭത്തില്‍ ആയി തുടങ്ങിയത്.
പിന്നീട് അങ്ങോട്ട് ഒരോ സാമ്പത്തികവര്‍ഷ പാദത്തിലെയും കമ്പനിയുടെ ലാഭം തൊട്ടു പിന്നിലത്തെ പാദത്തിലെ ലാഭത്തേക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ അതിന് ഈ വര്‍ഷത്തിലെ(2022) രണ്ടാം പാദത്തില്‍ അറുതി വരുമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. രണ്ടാം പാദത്തിലെ ലാഭം ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയ 3.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2.5 ബില്യണ്‍ ഡോളറായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ ടെസ്‌ലയുടെ ഓഹരി മൂല്യത്തില്‍ മൂന്നില്‍ ഒന്നിന്‍റെ കുറവാണ് ഉണ്ടായത്.
കൊവിഡ് കാരണമായുള്ള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കാരണം എല്ലാ വാഹന നിര്‍മാതാക്കള്‍ക്കും പ്രശ്‌നം നേരിട്ടിട്ടുണ്ട്. മറ്റ് വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച് ടെസ്‌ലയ്‌ക്ക് കുറഞ്ഞ അളവില്‍ മാത്രമെ ഉത്‌പാദനം കുറയ്‌ക്കേണ്ടി വന്നിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.