ന്യൂഡല്‍ഹി: കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സി.ഇ.ഒമാര്‍ (Chief Executive Officer) ലയനത്തിലും ഏറ്റെടുക്കലിലും താത്‌പര്യം കാണിക്കുന്നതായി സര്‍വേ. കൊവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കുകയാണ് ലക്ഷ്യം. കണ്‍സള്‍ട്ടിങ് കമ്പനിയായ ഇ.വൈ പുറത്തുവിട്ട സർവേയിലാണ് ഇന്ത്യയിലെ ബിസിനസുകളുടെ മൂലധന തന്ത്രത്തിലെ പ്രധാന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നത്.
കൊവിഡിന് പുറമെ ഭൗമരാഷ്ട്രീയ സംഭവ വികാസങ്ങൾ (Geo political development) മൂലമുണ്ടാകുന്ന പ്രതിസന്ധികളും സി.ഇ.ഒമാരുടെ നിലാപാട് എടുക്കലിനെ സ്വാധിനീക്കുന്നു. കമ്പനിയുടെ സുസ്ഥിരതയ്‌ക്കായി 96 ശതമാനം സി.ഇ.ഒമാരും ലയനം, ഏറ്റെടുക്കല്‍ എന്നിവയില്‍ താത്‌പര്യം കാണിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട നാളേയ്‌ക്കായി സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും സര്‍വേ സൂചിപ്പിക്കുന്നു.
നവീകരണത്തിനായി നിക്ഷേപ തീരുമാനങ്ങളിലേക്ക് കടക്കുന്നു. 40 ശതമാനം സി.ഇ.ഒമാരും തങ്ങളുടെ ബിസിനസ് നിലനിർത്തുകയും വിപുലീകരിക്കുകയും ചെയ്‌തു. നിക്ഷേപ തീരുമാനങ്ങളിൽ സാങ്കേതികവത്കരണവും വലിയ തോതില്‍ ഉള്‍പ്പെടുന്നു. 80 ശതമാനം പേരും ഭൗമരാഷ്‌ട്രീയപരമായ പ്രതിസന്ധികളെ അതിജീവിക്കാനും ചെലവുകളും അനിശ്ചിതത്വവും കുറയ്ക്കുന്നതിനും വിതരണ ശൃംഖല ക്രമീകരിക്കുന്നു.
ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സി.ഇ.ഒമാർ മുന്നിൽ നിന്ന് നന്നായി നയിക്കുന്നു എന്നതിൽ സംശയമില്ലെന്ന് ഇ.വൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനി പറഞ്ഞു.