ന്യൂഡല്‍ഹി: പ്രവാസികളുടെ ആഗോള വരുമാനത്തിന് നികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യയിൽ ലഭിക്കുന്ന വരുമാനത്തിന് മാത്രമേ നികുതി ഏർപ്പെടുത്തുകയുള്ളൂവെന്നും ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ചയുണ്ടായ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ആഗോള വരുമാനത്തിൽ നികുതി എര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
പ്രവാസികള്‍ ഇന്ത്യയിൽ സൃഷ്‌ടിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി ഏർപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്. നികുതിയില്ലാത്ത ഒരു അധികാരപരിധിയിൽ നിന്ന് സമ്പാദിക്കുന്നവയ്‌ക്ക് ഇവിടെ ടാക്‌സ് ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയിലുള്ള സ്വത്തില്‍ നിന്നും പ്രവാസികള്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്‍മേല്‍ നികുതിയുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ പ്രവാസിയായ ഒരാള്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി അടയ്‌ക്കാന്‍ ബാധ്യസ്ഥനല്ലെങ്കിൽ അയാളെ ഇന്ത്യയിൽ താമസിക്കുന്നതായി കണക്കാക്കുമെന്ന് 2020 ലെ ധനകാര്യ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. എന്നാല്‍ ഇത് മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളായ ഇന്ത്യൻ പൗരന്മാരെ നികുതി വലയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.