ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. സബ്‌സിഡി ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കാനാണ് സാധ്യത.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വായ്‌പകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കാന്‍ വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന സബ്‌സിഡി നല്‍കാനും നീതി ആയോഗ് പദ്ധതിയില്‍ ഇവയെ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഡീസല്‍, പെട്രോള്‍ വാഹങ്ങളെ അപേക്ഷിച്ച് ഇന്ധന ലഭ്യത, പരിസര മലിനീകരണത്തിലെ കുറവ് എന്നിവയാണ് ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള നേട്ടങ്ങള്‍.
അതേ സമയം മലിനീകരണം കുറക്കുന്നത് മൂലം ഇലക്ട്രിക് കാറുകളുടെ നിര്‍മ്മണം മേക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ കൊണ്ടുവരണമെന്നും നികുതി ഇളവുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സൊസൈറ്റി ഓഫ് മാനുഫാക്ചേര്‍സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഡയറക്ടര്‍ ജനറല്‍ സൊഹിന്ദര്‍ ഗില്‍ സര്‍ക്കാരിനെ സമീപിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.