സാമ്പത്തിക ബാധ്യതയില്‍ അലയുന്ന രുചി സോയായെ ഏറ്റെടുക്കാനൊരുങ്ങി ബാബാ രാംദേവിന്‍റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ്. ലേലത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറുകയും അതേസമയം പതഞ്ജലി ഗ്രൂപ്പ് 200 കോടി രൂപ ലേലത്തുകയില്‍ വര്‍ധിപ്പിച്ചതോടെയുമാണ് പതഞ്ജലിക്ക് സാധ്യതയേറുന്നത്.
നിലവില്‍ 4,350 കോടി രൂപയാണ് പതഞ്ജലി ഗ്രൂപ്പ് ലേലത്തില്‍ ഇറക്കിയിരിക്കുന്ന ആകെ തുക. ആഗസ്തില്‍ അദാനി ഗ്രൂപ്പ് രുചി സോയക്കായി 4,300 കോടി രൂപ ലേലത്തില്‍ ഇറക്കിയിരുന്നു. എന്നാല്‍ ലേലത്തിന്‍റെ നടപടികള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ലേലത്തില്‍ നിന്ന് പിന്‍ന്മാറുകയായിരുന്നു.
2017ഓടെ ആയിരുന്നു രുചി സോയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത്. നിലവില്‍ 12,000 കോടി രൂപയുടെ കടബാധ്യതയാണ് രുചി സോയ ഗ്രൂപ്പിനുള്ളത്. പതഞ്ജലിക്കും അദാനി ഗ്രൂപ്പിനും പുറമെ ഐ ടി സി, ഗോദ്‌റെജ്, ഇമാമി തുടങ്ങിയ കമ്പനികളും രുചി സോയ ഏറ്റെടുക്കാൻ ലേലത്തില്‍ സജീവമായിരുന്നു.