ആപ്പ് അധിഷ്ഠിത കാബ് സർവീസ് കമ്പനിയായ ഒലയുടെ സംയോജിത നഷ്ടം പകുതിയോളം കുറഞ്ഞതായി റിപ്പോർട്ട്. 2,842.2 കോടി രൂപയുടെ സംയോജിത നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി രേഖപ്പെടുത്തിയത്.
2017 സാമ്പത്തിക വർഷം 4,897.8 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇന്ത്യൻ വിപണിയിൽ യുബറുമായുള്ള കടുത്ത മത്സരത്തിലാണ് ഒല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സംയോജിത വരുമാനം 60.9 ശതമാനം ഉയർന്ന് 2,222.6 കോടിയിലെത്തി.
സ്റ്റാറ്റാൻഡ് എലോൺ അടിസ്ഥാനത്തിലുള്ള നഷ്ടം 2,676.7 കോടി രൂപയിലേക്ക് ചുരുങ്ങിയതായും വരുമാനം 44.6 ശതമാനം ഉയർന്ന് 1,860 കോടി രൂപയിലെത്തിയതായും കമ്പനി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ സമർപ്പിച്ച രേഖയിൽ പറയുന്നുണ്ട്.
ലാഭക്ഷമത കൈവരിക്കുന്നതിനുള്ള പാതയിലാണ് തങ്ങളെന്ന് ഒല നേരത്തെ പറഞ്ഞിരുന്നു. 2011ൽ ഭവീഷ് അഗർവാളും അൻകിത് ഭാട്ടിയും ചേർന്നാണ് ഒല സംരംഭം ആരംഭിച്ചത്. ഇന്ന് 110 അധികം നഗരങ്ങളിൽ ഒല സർവീസ് നടത്തുന്നുണ്ട്.
കാബുകളിലും ഓട്ടോറിക്ഷകളിലും ടാക്സികളിലുമായി പത്ത് ലക്ഷത്തിലധികം ഡ്രൈവർമാരാണ് ഫ്ലാറ്റ് ഫോമിന്‍റെ ഭാഗമായിട്ടുള്ളത്. 2018ൽ ഓസ്ട്രേലിയ,യുകെ,ന്യൂസീലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണിയിലേക്കും ഒല ചുവടു വച്ചിരുന്നു.