കണ്ണൂര്‍: ആദിവാസി വിഭാഗത്തിൽപെട്ട 42 കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പൂവത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയത്ത് സുമോദ് ജോസിനെയാണ് ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ചു വലയിൽ വീഴ്ത്തി ഭർതൃമതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കരുവഞ്ചാലിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു സുമോദും പരാതിക്കാരിയും. ഇതിനിടയിലാണ് ഇരുവരും സൗഹൃദത്തിലായത്. 2019 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ പലതവണയായി ഭർതൃമതിയെ കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ബലാത്സംഗ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇതിനിടയിൽ ഇയാളുടെ സ്വഭാവദൂഷ്യം ശ്രദ്ധയിൽപ്പെട്ട സ്ഥാപന അധികൃതർ ഒന്നരവർഷം മുൻപ് സുമോദിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. തുടർന്ന് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. നേരത്തെ കർണാടകയിൽ ആയിരുന്ന സുമോദിനെതിരെ അവിടെയും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.