കോട്ടയം: ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കാണാതായതോടെ കേരളാ കോണ്‍ഗ്രസില്‍ സമാന്തര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും. പി ജെ ജോസഫ് ചെയർമാനായും ജോസ് കെ മാണി വർക്കിങ് ചെയർമാനുമായുള്ള ഒത്തുതീർപ്പ് സമവായമാണ് ജോസഫ് വിഭാഗം ജോസ് കെ മാണിക്ക് മുന്നിൽ വച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും നിരാകരിക്കുകയാണ് ജോസ് കെ മാണി വിഭാഗം.
ചെയർമാനാകാൻ തനിക്കാണ് അവകാശമെന്ന് ജോസഫ് പറയുന്നതു പോലെ ഓരോരുത്തർക്കും അവരുടേതായ ന്യായങ്ങൾ പറയാനുണ്ടെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. ചെയര്‍മാന്‍റെയും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിന്‍റെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങള്‍ മാത്രമേ പാര്‍ട്ടിയിലുള്ളൂവെന്നും സ്പീക്കര്‍ ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പാർട്ടിയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും വിളിച്ചു വരുത്തി പിന്തുണ ഉറപ്പാക്കുകയാണ് ജോസ് കെ മാണി. പിളർപ്പിന്റെ സാഹചര്യം വന്നാൽ കൂടുതല്‍ ജില്ലാകമ്മിറ്റികളെ ഒപ്പം നിര്‍ത്താനാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. എംഎൽഎമാരെയും എംപിമാരെയും മുതിർന്ന നേതാക്കളെയും വിളിച്ച് യോഗം ചേർന്ന് സമാവായത്തിലെത്തണമെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് കടുപ്പിക്കുമ്പോഴും പാർലമെന്‍ററി പാർട്ടി ചേർന്നാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. വിദേശപര്യടനം കഴിഞ്ഞ് മോൻസ് ജോസഫ് തിരിച്ചെത്തിയതോടെ ജോസഫ് വിഭാഗത്തിന്‍റെ നീക്കങ്ങൾക്കും ഇനി മൂർച്ചയേറും. ഇരുവിഭാഗവും വിട്ടു വീഴ്ചക്ക് തയ്യാറാകാത്തതോടെ ചർച്ചകളും വഴി മുട്ടുകയാണ്.