കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക്ക് സയൻസ് വിഭാഗത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം. സെന്ററിലെ സാമ്പത്തിക പ്രശ്നങ്ങൾ വിദ്യാർഥികളെ പഠനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇടിവി ഭാരത് കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു. ഇതേ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ സാബു തോമസുമായി ആശയ വിനിമയം നടത്തി. സർവ്വകലാശാല ഡിപ്പാർട്ടുമെന്റുകൾ, സ്കൂളുകൾ, സെന്‍ററുകൾ എന്നിവയിലെ ഡയറക്ടർമാർക്ക് ഒരു മാസം 25000 രൂപ വിവിധ ആവശ്യങ്ങൾക്കായി ചിലവഴിക്കാം എന്ന് വൈസ് ചാൻസലർ നിർദ്ദേശിച്ചു.
സെന്‍റർ ഡയറക്ടർ യൂണിവേഴ്സിറ്റിയെ രേഖാമൂലം അറിയിച്ചാൽ അധിക ബാധ്യത യൂണിവേഴ്സിറ്റി ഏറ്റെടുക്കുമെന്ന് വൈസ് ചാൻസലർ സാബു തോമസ് ഉറപ്പു നൽകിയതായി തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽഎ ഇടിവി ഭാരതിനോട് പ്രതികരിച്ചു. എന്നാൽ ഐഐആർബിഎസ് ബില്ലുകൾ നൽകിയിട്ടു പോലും അവ മാറി നൽകാൻ യൂണിവേഴ്സിറ്റി തയ്യാറായിരുന്നില്ലന്നും വിദ്യാർഥികൾ ആരോപിക്കുന്നു. വിദ്യാർഥികൾ നാളെ വീണ്ടും വൈസ് ചാൻസിലറെ കാണും.